കൊച്ചി: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം കേരളത്തിന്റെ പേസ് ബൗളര്‍ എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ സാധ്യത ടീമില്‍ ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി. കൊറോണ വ്യാപനം മൂലം ഇന്ത്യയില്‍ നിര്‍ത്തിവച്ചിരുന്ന ആഭ്യന്തര ക്രിക്കറ്റ് ലീഗുകള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ബിസിസിഐ.
കേരളത്തിന്റെ 26 അംഗ സാധ്യത ടീമിലാണ് ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേരളത്തിന്റെ ആഭ്യന്തര ലീഗില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വ്യാപനം മൂലം ടൂര്‍ണമെന്റ് ഒഴിവാക്കുകയായിരുന്നു. ജനുവരി പത്ത് മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജനുവരി രണ്ട് മുതല്‍ താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കണം. എന്നാല്‍ വേദി സംബന്ധിച്ചുള്ള വിവരങ്ങള്‍ ബിസിസിഐ വിശദീകരിച്ചിട്ടില്ല.
ശ്രീശാന്തിന് പുറമെ സഞ്ജു സാംസണ്, റോബിന് ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവരും സാധ്യത ടീമിലുണ്ട്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് പരിശീലകന്. നേരത്തെ സെപ്തംബര്‍ 13ന് ശ്രീശാന്തിന്റെ വിലക്ക് നീക്കിയിരുന്നു. എന്നാല്‍ കൊറോണ മൂലം കളത്തിലേക്ക് തിരിച്ചെത്താനായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാധ്യത ടീം: റോബിന് ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്, വിഷ്ണു വിനോദ്, പി. രാഹുല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, രോഹിന് കുന്നുമ്മല്‍, സച്ചിന് ബേബി, സല്മാന് നിസാര്‍, ബേസില്‍ തമ്പി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്, സിജോമോന്‍ ജോസഫ്, എസ്. മിഥുന്, അഭിഷേക് മോഹന്‍, വത്സന് ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്, പി.കെ. മിഥുന്, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം. അരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: