ഗുവാഹത്തി: അസമില്‍ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍(ബിടിസി) തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ആള് ബിജെപിയിലെത്തി. കൗണ്‍സിലിന്റെ ഭരണത്തിലേറുന്ന ബിജെപി ഉള്‍പ്പെടുന്ന സഖ്യത്തിന് കൂടുതല്‍ ശക്തിപകരുന്നതായി പുതിയ നീക്കം. ശ്രീറാംപൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സജാല്‍ സില്‍ഹയാണ് ബിജെപിയില്‍ ചേര്‍ന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പുതിയ കൗണ്‍സിലില്‍ ബിജെപി-യുണൈറ്റഡ് പീപ്പിള്‍ പാര്‍ട്ടി ലിബറല്‍(യുപിപിഎല്‍)-ഗണ സുരക്ഷാപാര്‍ട്ടി(ജിഎസ്പി) സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടിയാണ് ബിജെപിയുടെ ഭാഗമായതെന്നും അദ്ദേഹം വിശദീകരിച്ചു.വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യ(എന്‍ഇഡിഎ)ത്തിന്റെ കണ്‍വീനറും അസം മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുടെ സാന്നിധ്യത്തിലാണ് സജാല്‍ സിന്‍ഹ ബിജെപി അംഗത്വം സ്വീകരിച്ചത്.
സിന്‍ഹ തനിക്ക് ഇളയ സഹോദരനെ പോലെയാണെന്നും ശനിയാഴ്ച ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ ഭാഗമാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. നാല്പത് സീറ്റില്‍ പതിനേഴ് ഇടത്ത് വിജയിച്ച ബോഡോ പീപ്പിള്‍സ് ഫ്രണ്ട്(ബിപിഎഫ്) ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുപിപിഎല്‍ 12 സീറ്റും ബിജെപി ഒമ്പതു സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസും ജിഎസ്പിയും ഓരോ സീറ്റുകള്‍ നേടി.
കോണ്‍ഗ്രസ് അംഗം കൂടി ബിജെപിയില്‍ എത്തിയതോടെ സഖ്യബലം 23 ആയി ഉയര്‍ന്നു. കൗണ്‍സില്‍ രൂപീകരിക്കാനുള്ള സഖ്യത്തിന്റെ അവകാശവാദം ഗവര്‍ണര്‍ ജഗദീശ് മുഖി അംഗീകിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടക്കും. ബിജെപിക്കും യുപിപിഎലിനും രണ്ട് അംഗങ്ങള്‍ വീതവും ജിഎസ്പിക്ക് ഒരു അംഗവും കൗണ്‍സിലില്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: