ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി ജഡ്ജി വിവേചനപരമായി പെരുമാറുന്നവെന്ന ആരോപണങ്ങളുയര്‍ത്തി കേസ് മാറ്റണമെന്ന് ആവശ്യപ്പെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തില്‍ ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ലെന്ന് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കല്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. വിചാരണ നടപടികളെ സര്‍ക്കാര്‍ തന്നെ വൈകിപ്പിക്കുകയാണോയെന്നും കോടതി ചോദിച്ചു.
നേരത്തേ കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയത്. നടിക്ക് നീതി കിട്ടില്ലെന്ന് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിചാരണക്കോടതി ജഡ്ജിയുടെ നടപടി പിഴവുകള്‍ വിശദീകരിക്കുന്ന കുറിപ്പ് രഹസ്യരേഖയായി നല്‍കിയിരുന്നുവെങ്കിലും അതു കണക്കിലെടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസില്‍ രഹസ്യവിചാരണയെന്നതുപോലും ഉറപ്പാക്കപ്പെടാത്ത സ്ഥിതിയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: