തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് ഇനിയും അഞ്ചു മാസമുണ്ടെങ്കിലും അതിനു മുമ്പ് മന്ത്രിസഭ രാജിവയ്‌ക്കുമെന്ന് ശക്തമായ അഭ്യൂഹം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലത്തെ ആശ്രയിച്ചല്ല രാജി എന്ന പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്കയാണ്. സിപിഎം അണികളിലും ഘടകകക്ഷികളിലും ഉടലെടുത്ത മുരടിപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ജനുവരിയില്‍ നിയമസഭാ സമ്മേളനം എന്ന ധാരണ നേരത്തേ ഉണ്ടായിരുന്നു. അതുണ്ടായാല്‍ സംഗതി വഷളാകുമെന്ന ചിന്ത സജീവമാണ്. മുമ്പെങ്ങുമില്ലാത്ത വിധം വിവാദ ചുഴിയിലാണ് സര്‍ക്കാര്‍. ഉദ്യോഗസ്ഥ പ്രമാണികളും മന്ത്രിമാര്‍ പോലും ആരോപണങ്ങളുടെ മുള്‍മുനയിലാണ്. അത് മുഖ്യമന്ത്രിയിലേക്ക് വരെ നീളുമെന്ന ആശങ്കയുണ്ട്.
നിയമസഭാ സ്പീക്കര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ തെളിവെടുപ്പുകള്‍ നടക്കാനിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയിട്ടുള്ള രഹസ്യ മൊഴി എന്തൊക്കെയെന്ന ഭയപ്പാട് ഒരു വശത്ത്. വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ചോദ്യം ചെയ്യാനുണ്ട്. അതു കൂടി തീരുമ്പോള്‍ എന്തൊക്കെ ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നതെന്നറിയില്ല.
ഇതിനകം ഒരുപാട് തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. അതിന്റെ ചെറിയൊരു അംശം മാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്നുള്ള സ്വപ്‌നയുടെ ശബ്ദ സന്ദേശം കേരള പോലീസിന്റെ തിരക്കഥയുടെ ഭാഗമെന്ന് വ്യക്തമാവുകയാണ്. വനിതാ പോലീസ് വിളിച്ചു കൊടുത്ത ഫോണില്‍ സംസാരിച്ചതാണെന്ന സ്വപ്‌നയുടെ മൊഴി പുറത്തു വന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ തിരക്കഥ പ്രകാരമാണിതെല്ലാമെന്നാണ് വിവരം. ഇവയൊക്കെ വ്യക്തമാക്കുന്നത് മന്ത്രിസഭയിലെ തലതൊട്ടപ്പന്മാരുടെ താല്‍പര്യമാണ്. പുറത്തറിഞ്ഞതിനെക്കാള്‍ വലിയ രഹസ്യങ്ങള്‍ വെളിയില്‍ വരാനുണ്ട്. അത് പലരെയും ഭയപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് കുടുംബത്തോടെ തീര്‍ത്തുകളയുമെന്ന ഭീഷണി സ്വപ്‌നയ്‌ക്കുണ്ടായത്.
ഈ സാഹചര്യത്തില്‍ നിയമസഭയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന് മടിയുണ്ട്. സഭ ചേര്‍ന്നാല്‍ ഇതുവരെ പൊതുസമൂഹത്തിന്റെ മുന്നിലും മനസ്സിലുമുള്ള തട്ടിപ്പും വെട്ടിപ്പും സഭയിലെത്തും. സഭാ രേഖകളില്‍ അത് സ്ഥാനം പിടിക്കുന്നതില്‍ പരം മാനക്കേട് വേറെയില്ല. അതൊഴിവാക്കേണ്ടത് ഇടത് മുന്നണിയുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ആവശ്യമാണ്. അത് ഒഴിവാക്കാന്‍ മുന്നിലുള്ള വഴി രാജിയാണ്. മന്ത്രിസഭയില്ലെങ്കില്‍ പിന്നെ നിയമസഭ ചേരേണ്ടതില്ല, പ്രതിപക്ഷം കരുതിവച്ച പടക്കോപ്പുകളെല്ലാം വെള്ളത്തിലാവുകയും ചെയ്യും. നാലു മാസത്തിനിടയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതാണ് രാജിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത പ്രതിരോധത്തിലൂടെ രക്ഷപ്പെടാനുള്ള തന്ത്രമാണ് സിപിഎമ്മിന് മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: