ഇടതും വലതും മുന്നണികളുടെ ആധിപത്യത്തിലുള്ള കേരളത്തിന്റെ നിയന്ത്രിത രാഷ്ട്രീയ മണ്ഡിക്കു പുറത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ദേശീയപക്ഷ സമൂഹത്തിനും ഫലപ്രദമായി ഇടാപെടാന്‍ കഴിയുന്ന വിശാല മണ്ഡി വളര്‍ന്നു വരുന്നത് പരമ്പരാഗത അധികാര ദല്ലാളന്മാരുടെ പണികളയുന്നതിനുള്ള സാദ്ധ്യത ഉയര്‍ത്തുകയാണ്. അതിനിടയിലാണ്, അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നു പറയും പോലെ രമേശ് ചെന്നിത്തല ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ പക്ഷം ഒരിക്കലും കേരള നിയമസഭയില്‍ പത്തു സീറ്റ് തികച്ചു നേടില്ലെന്ന് പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം യാദവകുലം ഇല്ലാതായതുപോലെ ഇല്ലാതാകുമെന്നും ചെന്നിത്തല പ്രവചിച്ചു. കുലം മുടിക്കുന്നതിന് കൂലി പറഞ്ഞുറപ്പിച്ച് പണി തുടങ്ങുന്നതിന്റെ വിളിച്ചറിയിക്കലാണാ വാക്കുകള്‍. കുഞ്ഞുമാണിയുടെ പ്രിയപുത്രന് രാഷ്ട്രീയ മറുകണ്ടം ചാടിയതിന്റെ ദണ്ഡം തീര്‍ക്കാന്‍ ‘കൈപ്പത്തിക്ക്’ കരുണ തേടിയാണ് മതമേലദ്ധ്യക്ഷനെ കാണാന്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്നാലെ കൂടി രമേശ് പാലായിലെത്തിയത്. മുട്ടേല്‍ നിന്ന് കയ്യും മുത്തി കാര്യോം പറഞ്ഞ് പുറത്തു വരുമ്പോള്‍ തന്നെ, ഇയാളാണ് പണ്ട് ഞങ്ങടെ കുഞ്ഞൂഞ്ഞിനെ ഇറക്കിവിട്ട് മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിക്കുടാന്‍ കുഞ്ഞുമാണിയുടെ സഹായം തേടിയതെന്ന വിവരം അരമനവക പത്രത്തിലച്ചടിച്ച് പ്രസിദ്ധീകരിച്ച് രമേശ് ചെന്നിത്തലയുടെ മുഖത്തേക്കെറിയുകയാണുണ്ടായത്. ഒരു ‘സത്യവിശ്വാസിയായ’ ഉമ്മന്‍ ചാണ്ടിക്ക് പാരയാകാന്‍ മറ്റൊരു ‘സത്യവിശ്വാസിയായ’ കുഞ്ഞുമാണി തയാറാകാതിരുന്നതിന് ആഭ്യന്തര മന്ത്രിപദം ഉപയോഗിച്ചുകൊണ്ട് ബാര്‍കോഴ വടിയാക്കി രമേശ് കൊടുത്ത പെടകൊണ്ട് തകര്ന്നുപോയതോടെയാണ് കേവലം എണ്പത്തിയാറു വയസ്സുമാത്രം പ്രായം ഉണ്ടായിരുന്ന മാണിയുടെ അകാല ചരമം സംഭവിച്ചതെന്നതായിരുന്നു അരമനയുടെ പത്രത്തിലെ ലേഖനം പറഞ്ഞുവെച്ചത്. പാലായിലെ ആ അനുഭവം, മുഖ്യമന്ത്രി കസേര ലക്ഷ്യമാക്കിയുള്ള തന്റെ രാഷ്ട്രീയ യാത്രയുടെ വഴിയില്‍ കുഴികളൊരുക്കുമെന്ന ഭയമാണ് രമേശിനെ അങ്ങാടിയില്‍ തോറ്റ മകന്റെ അടവുനയം പുറത്തെടുക്കാന്‍ പ്രേരിപ്പിച്ചത്. അരമനയുടെ അനിഷ്ടം തനിക്ക് അനര്‍ത്ഥമായി മാറുന്നതൊഴിവാക്കാനാണ് രമേശ് ഇപ്പോള്‍ നടത്തി നോക്കുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയ ഉരുണ്ടുകളി.
ഷേക്സ്പിയര് പറഞ്ഞിട്ടുള്ളതുപോലെ ഭീരുക്കള്‍ വീണ്ടും വീണ്ടും മരിക്കുമെന്നും ധീരന്മാര്ക്ക് മരണം ഒരിക്കലേയുള്ളൂയെന്നും രമേശിനെ പോലുള്ളവര്‍ തിരിച്ചറിയണം. ചെറുത്തു നില്‍ക്കണം. കപട മതേതരവാദികളായ ഹിന്ദുവിരുദ്ധ വര്‍ഗീയവാദികള്‍ക്കു വഴങ്ങി എത്ര തവണയാണ് പരസ്യമായി ഹിന്ദുവിനെ തള്ളിപ്പറയേണ്ടത്? മാതൃഭൂമി പ്രസിദ്ധീകരിക്കെണ്ടായെന്ന് നിശ്ചയിക്കാന്‍ നിര്‍ബന്ധിതമായ ‘മീശ’ എന്ന ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്ന നോവല്‍ തന്റെ മകന്റെ പ്രസിദ്ധീകരണശാലയില്‍ നിന്ന് അച്ചടിച്ചിറക്കാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്യുക! ശബരിമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ പോരിനിറങ്ങിയപ്പോള്‍ പേരിന് പ്രതിഷേധിച്ചിട്ടു മിണ്ടാതിരിക്കുക! ലൗജിഹാദിനിരയാകുന്ന സ്ത്രീ ജന്മങ്ങളോടും അവരുടെ വേണ്ടപ്പെട്ടവരോടും അനുഭാവം പോലും പ്രകടിപ്പിക്കാതിരിക്കുക! ഇങ്ങനെയൊക്കെ നിര്‍ണ്ണായകമായ പല വിഷയങ്ങളിലും സന്ദര്‍ഭങ്ങളിലും താന്‍ ഹിന്ദുവിരുദ്ധ മനോഭാവം വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാഹനങ്ങള്‍ക്ക് പുകപരിശോധനാ സാക്ഷ്യപത്രം കാലാകാലങ്ങളില്‍ പുതുക്കുന്നതു പോലെ ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ സത്യവാങ്മൂലം തന്നോട് എന്നും കുന്നും ആവശ്യപ്പെടുന്നത് നീതികരിക്കാനാവില്ലെന്നും അതിനി ആവര്‍ത്തിക്കാന്‍ എനിക്കു മനസ്സില്ലെന്നും നിവര്‍ന്നുനിന്ന് പറയുന്നതിനുള്ള ധൈര്യമാണിനി രമേശ് പ്രകടിപ്പിക്കേണ്ടത്.
‘മതേതര’ കോണ്‍ഗ്രസ്സ് ഹിന്ദുഭൂരിപക്ഷമുള്ള ഹരിപ്പാട് അസംബ്ലിയിലല്ലേ രമേശിന് മത്സരിക്കാനിടം നല്‍കിയത്? കമ്യൂണിസ്റ്റ് അരാജക രാഷ്ട്രീയം കണ്ടുമടുത്ത് ആദ്യ മത്സരം മുതല്‍ പിന്തുണ നല്കിയ ഹരിപ്പാട്ടെ സമ്മതിദായകരില്‍ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തോട് അകന്നു നിന്ന് മതേതരത്വം ബോദ്ധ്യപ്പെടുത്തുവാന്‍ രമേശിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ലക്ഷ്യമെന്താണ്? കൃസ്ത്യന്‍ ഭൂരിപക്ഷ കോട്ടയം ലോകസഭാമണ്ഡലത്തില്‍ സീറ്റും നല്കിയതും വിജയിപ്പിച്ചതും പറഞ്ഞ് ഈ ചോദ്യത്തെ സമീപിക്കുന്നവരോട് ചരിത്രം പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. കാലങ്ങളോളം കൃസ്ത്യന്‍ വര്‍ഗീയ രാഷ്ട്രീയം കയ്യടക്കിവെച്ചിരുന്ന കോട്ടയം മണ്ഡലം 1984ല്‍ ഇടതു മുന്നണിയുടെ വോട്ടുകളോടൊപ്പം ഹിന്ദുപക്ഷ വോട്ടുകളും സമാഹരിച്ചാണ് കെ സുരേഷ് കുറുപ്പിലൂടെ കമ്യൂണിസ്റ്റു പാര്‍ട്ടി പിടിച്ചെടുത്തത്. കുറുപ്പില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാനാണ് കെ കരുണാകരന് ചെന്നിത്തലയെ നിയോഗിച്ചത്. അങ്ങനെയാണ് രമേശിന് അവിടെ നിന്ന് ലോകസഭയിലേക്കുള്ള കന്നി വിജയം തരപ്പെട്ടത്. കമ്യൂണിസറ്റ് കൊലപാതകരാഷ്ട്രീയത്തില്‍ ബലിദാനികളായ നിരവധി ഹൈന്ദവ വിശ്വാസികളുടെ ചോര കണ്ട് മനസ്സു മരവിച്ചവര്‍ ഭാരതീയ ജനതാ പാര്‍ട്ടി അന്നു വിജയിക്കുമെന്ന് പ്രതീക്ഷയില്ലാത്തതുകാരണം നല്കിയ വോട്ടുകളുടെ ബലത്തിലാണ് കോണ്‍ഗ്രസ്സ് മുന്നണി അധികാരത്തിലെത്തിയത്. പക്ഷേ കാലം മാറി. ഹിന്ദുവിരുദ്ധ വര്‍ഗീയവാദത്തിന്റെ അപകടകരമായ അച്ചുതണ്ടായിമാറിയ ജിഹാദി-കമ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ കയ്യില്‍ ഭരണം തുടരുന്ന സാഹചര്യത്തെ നേരിടാന്‍ കോണ്‍ഗ്രസ്സ് പക്ഷത്തിന് നിശ്ശബ്ദ പിന്തുണ കൊടുക്കുകയെന്ന നിസ്സഹായത വഴിമാറിയിരിക്കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് അപ്രസക്തമാവുകയും ഭാരതീയ ജനതാ പാര്‍ട്ടി ദേശീയരാഷ്ട്രീയത്തിന്റെ അമരത്ത് ഇളക്കാനെളുപ്പമല്ലാത്ത സ്ഥാനം ഉറപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേരളരാഷ്ട്രീയത്തില്‍ 2021 അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്ന സാദ്ധ്യതകള്‍ പഠിച്ചറിയണം.2021ലെ കേരള അസംബഌയില്‍ അംഗബലത്തോടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ഇനി തടയാനാവില്ലെന്ന സത്യം തിരിച്ചറിയുകയും ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ കുഴലൂത്ത് നിര്‍ത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: