നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ അക്രമങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുമുള്ള കൈലാസ് വിജയവര്ഗ്യക്കും മറ്റും പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവം. മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറിലേക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആസൂത്രിതമായ ഈ ആക്രമണം നടത്തിയ ശേഷം ബിജെപിക്കെതിരെ ആരോപണമുന്നയിക്കുകയാണ് മുഖ്യമന്ത്രി മമത ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്താനുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മമത. ബിജെപി നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. നിയമപരമായി ഇതിനൊക്കെയുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നിരിക്കെ അത് അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് മമത. എങ്ങനെയും ഒരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവര്‍ നോക്കുന്നത്. ഭരണ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത ജനവിരുദ്ധ ഭരണമാണ് പത്ത് വര്‍ഷമായി മമത നടത്തുന്നത്.
ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ക്കെതിരെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ആക്രമണം നടത്തുന്നത്. ബിജെപിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന അക്രമികളുടെ ഒരു കൂടാരമായി മാറിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്ക് വെല്ലുവിളിയാണെന്നു തോന്നുന്ന ആരെയും ആക്രമിക്കാനും കൊലപ്പെടുത്താനും അനുവാദം നല്കിയിരിക്കുന്നതുപോലെയാണ് മമത പെരുമാറുന്നത്. അക്രമികള്‍ ഗവര്‍ണര്‍ക്കെതിരെ തിരിയുന്ന അവസ്ഥപോലുമുണ്ടായി. സംസ്ഥാനം അരാജകത്വത്തിലേക്ക് വഴുതി വീഴുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കാതെ ശക്തമായി പ്രതികരിക്കുന്നതാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമതയുടെ കണ്ണിലെ കരടായത്. തന്റെ ഭരണത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, അങ്ങനെ ചോദ്യം ചെയ്യുന്നവര്‍ക്ക് ബംഗാളില്‍ ജീവിക്കാന്‍ അവകാശമില്ലെന്നുമാണ് മമതയുടെ ഭാവം. ശാരദാ ചിട്ടി തട്ടിപ്പും വികസന ഫണ്ടില്‍നിന്ന് തൃണമൂല്‍ നേതാക്കള്‍ വിഹിതം പറ്റുന്നതുമുള്പ്പെടെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് ഭരണം. ശാരദാ ചിട്ടി തട്ടിപ്പിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് കണ്ടപ്പോഴാണ് ഇതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരുമായി മമത ഏറ്റുമുട്ടാനിറങ്ങിയത്.
മൂന്നര പതിറ്റാണ്ടുകാലത്തോളം ഇടതുപാര്‍ട്ടികള്‍ ഭരിച്ചുമുടിച്ച ബംഗാളില്‍ മാതാവ്, മണ്ണ്, മനുഷ്യര്‍ എന്നര്‍ത്ഥം വരുന്ന മാ മതി മാനുഷ് മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ ബാനര്‍ജിയുടെ ഭരണം സംസ്ഥാനത്തിന് ശാപമായി മാറുന്നതാണ് പിന്നീട് കണ്ടത്. പ്രതിപക്ഷ ബഹുമാനമോ വികസന സങ്കല്‍പ്പമോ തൊട്ടുതീണ്ടാത്തവിധം മറ്റൊരു ഏകാധിപത്യ വാഴ്ചയ്ക്ക് തുടക്കംകുറിക്കുകയാണ് മമത ചെയ്തത്. രാഷ്ട്രീയ എതിരാളികളായിരുന്ന ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും സംഘടനാപരമായും രാഷ്ട്രീയമായും അപ്രസക്തമായതോടെ മമതയുടെ അഹങ്കാരം ഇരട്ടിച്ചു. ഇതിനെ വെല്ലുവിളിച്ച് ബിജെപി രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നതോടെ സാരിയുടുത്ത ഹിറ്റ്ലര്‍ക്ക് ഉറക്കം നഷ്ടമായി. തൃണമൂലില്‍ നിന്ന് നേതാക്കളുടെ കുത്തൊഴുക്കുതന്നെയാണ് ബിജെപിയിലേക്കുണ്ടായത്. അധികാരത്തിന്റെ ബലത്തില്‍ കൊണ്ടുനടക്കുന്ന സ്വന്തം പാര്‍ട്ടിയിലും മമത ഒറ്റപ്പെട്ടിരിക്കുകയാണ്. അനന്തരവനെ പിന്‍ഗാമിയാക്കാനുള്ള നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മമതയോട് ഇടഞ്ഞിരിക്കുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 എംപിമാരെയും 40ലേറെ ശതമാനം വോട്ടും നേടി ബിജെപി കുതിച്ചപ്പോള്‍ മമതയ്ക്ക് സമനിലതെറ്റി. വെറും നാല് സീറ്റും മൂന്നു ശതമാനത്തില്‍ താഴെ വോട്ടും മാത്രമാണ് തൃണമൂലിന് ബിജെപിയെക്കാള്‍ അധികം നേടാനായത്. ഇതോടെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായി മാറി. മോദി തരംഗം അലയടിക്കുന്ന ബംഗാളില്‍ മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നതാണ് മമതയെ കുപിതയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: