ഗൃഹാരംഭ ചടങ്ങുകളില്‍ പ്രഥമമായത് കുറ്റിയടിയാണ്. പ്രധാനം ശിലാസ്ഥാപനമെങ്കിലും കുറ്റിയടി അഥവാ ശങ്കു സ്ഥാപനമെന്ന ചടങ്ങിലൂടെയാണ് വാസ്തുപ്രകാരമുള്ള ഗൃഹസ്ഥാന നിര്‍ണയമെന്നുള്ളത് നിര്‍മാണത്തില്‍ ഏറ്റവും നിര്‍ണായകമാണ്. ദിക് നിര്‍ണയത്തിലൂന്നിയ ഉചിതമായ സ്ഥാനനിര്‍ണയം ആയിരുന്നു പ്രാചീനകാലത്ത് ശങ്കു സ്ഥാപനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഭൂമിയില്‍ ശങ്കു സ്ഥാപിച്ച് പൂര്‍വാഹ്നത്തിലും അപരാഹ്നത്തിലും നിഴല്‍ അടയാളപ്പെടുത്തിയാണ് പണ്ട് ദിക് നിര്‍ണയം ചെയ്തിരുന്നത്.
പുരയിടം വൃത്തിയാക്കി, നിരപ്പാക്കി ഉഴുതു നവധാന്യങ്ങള്‍ വിതച്ചു ശുദ്ധമാക്കി ശങ്കു നാട്ടി, അതിനു ചുറ്റും കുറ്റിയുടെ ഉയരത്തിന്റെ ഇരട്ടി നീളം ആരമാക്കി ഒരു വൃത്തം വരയ്‌ക്കണം. കാലത്തും വൈകിട്ടും കുറ്റിയുടെ അഗ്രത്തിന്റെ നിഴല്‍ വൃത്തത്തില്‍ തൊടുന്ന ബിന്ദുക്കള്‍ അടയാളപ്പെടുത്തി സൂര്യ സഞ്ചാരത്തിന്റ അയനചലനങ്ങളറിഞ്ഞു വേണം കിഴക്കു പടിഞ്ഞാറു രേഖ കണ്ടു പിടിക്കാന്‍. പിന്നീട് ഈ രേഖയെ അടിസ്ഥാനപ്പെടുത്തി യമസൂത്രവും അടയാളപ്പെടുത്താം. ഈ രേഖകളെ കണക്കിലെടുത്താണ് വേണ്ടത്ര അളവിലുള്ള വാസ്തു മണ്ഡലം നിശ്ചയിച്ചിരുന്നത്.
ഇത്തരത്തില്‍ നേര്‍കിഴക്കു ദിക്‌സൂത്രം തന്നെയാണ് മനുഷ്യാലയ നിര്‍മാണത്തിന് സര്‍വസമ്മതമായിട്ടുള്ളത്. എന്നാല്‍ ഇതു കൂടാതെ അല്പം വടക്കു തിരിഞ്ഞ ഐശ്ശി പ്രാചിയും അല്പം തെക്കു തിരിഞ്ഞ അഗ്നി പ്രാചിയും ദേവാലയ നിര്‍മാണത്തിന് സ്വീകരിച്ചതായി കണ്ടിട്ടുണ്ട്.
ആധുനികകാലത്ത് യന്ത്രസഹായത്തോടെ ദിക്‌നിര്‍ണയം സാധ്യമാണെങ്കിലും ബ്രഹ്മസൂത്ര യമസൂത്രങ്ങളുടെ നിര്‍ണയത്തിന് ഇന്നും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ഗൃഹനിര്‍മാണത്തിന് സ്വീകരിക്കുന്ന ഭൂമിയെ കൃത്യമായി ഖണ്ഡനിര്‍ണയം ചെയ്ത് സൂത്ര വേധ ദോഷമില്ലാതെ ഗൃഹനിര്‍മ്മാണം സാധ്യമാക്കുന്നതിനായി കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നു.
ഗൃഹാരംഭത്തിനു സൂചിപ്പിക്കപ്പെട്ട മുഹൂര്‍ത്തത്തില്‍ തന്നെയാണ് കുറ്റിയടിയും ചെയ്യേണ്ടത്. ജ്യോതിശ്ശാസ്ത്ര നിര്‍ദ്ദിഷ്ടമായ ശുഭദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ആകാശം പ്രസന്നമായിരിക്കുന്ന സമയത്ത് നിരപ്പായ ഭൂമിയില്‍ വാസ്തു പുരുഷ ചരണ ഭാഗമായ കന്നിമൂലയിലോ ദേശാചരമനുസരിച്ചുള്ള സ്ഥാനങ്ങളിലോ കുറ്റിയടി നടത്തണം.
ഒരു കോല്‍ അല്ലെങ്കില്‍ പതിനെട്ട് അല്ലെങ്കില്‍ പന്ത്രണ്ട് അംഗുലം ദീര്‍ഘമുള്ള ശങ്കു ഉരുണ്ടതും കേടുപാടില്ലാത്തതും തറക്കുമ്പോള്‍
പൊളിയാന്‍ ഇടയില്ലാത്ത വിധം ഉറച്ചതും കടഭാഗം വണ്ണം കൂടിയതുമാകണം. കുറ്റിയടിക്കുന്നതിനായി കരിങ്ങാലി, പ്ലാശ്, ദേവദാരു, തേക്ക്, പ്ലാവ് തുടങ്ങിയ പാലുള്ള വൃക്ഷങ്ങളും സ്വീകരിക്കാവുന്നതാണ്. യഥാവിധി പൂജാപൂതമായ കുറ്റി കിഴക്കോട്ട് അഭിമുഖമായി നിന്ന് ഇടം കൈകൊണ്ട് ഉറപ്പിച്ചു പിടിച്ച് വലംകൈ കൊണ്ട് എട്ടുതവണ അടിച്ചുറപ്പിക്കണം. കുറ്റി തറക്കുമ്പോള്‍ ചൊല്ലുന്ന മന്ത്രം ഇപ്രകാരം സൂചിപ്പിക്കുന്നു.
അസ്മിന്‍ വസ്തുനി വര്‍ദ്ധസ്വ
ധനധാന്യേന മേദിനീ
ഉത്തമം വീര്യമാസ്ഥായ
നമസ്‌തേസ്തു ശിവാ ഭവ
അനന്തരം ശകുനങ്ങളെയും സൂചനകളെയും ജ്യോതിശാസ്ത്രരീതിയില്‍ വിശകലനം ചെയ്ത് ഗൃഹനിര്‍മാണത്തിന്റെ നിര്‍വിഘ്‌ന പരിസമാപ്തിക്കായി സ്ഥപതി ഗൃഹകര്‍ത്താവിനെ ഉപദേശിക്കുകയും വേണം.
ഡോ. രാധാകൃഷ്ണന്‍ ശിവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക