ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തണയേറുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി പിന്തുണയറിയിച്ചു. നിയമത്തെ എതിര്‍ക്കുന്ന ഐക്യകര്‍ഷക മുന്നണിയുടെ 40 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നിരാഹാരം അനുഷ്ഠിച്ചതിന് ഇടയിലാണ് പത്ത് കര്‍ഷക സംഘടനകള്‍ പിന്തുണയറിയിച്ച് കൃഷിമന്ത്രിയെ കണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയറിയിക്കുന്ന നാലാമത്തെ സംഘമാണിത്.
ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ്, കേരളം, തമിഴ്‌നാട്, തെലങ്കാന, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘടനകളാണ് കേന്ദ്രമന്ത്രിയെ കണ്ടതും നിവേദനം നല്‍കിയതും. ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൃഷിക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി നിവേദനത്തില്‍ പറയുന്നു. കാര്‍ഷിക സംവിധാനത്തെ സ്വതന്ത്രമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിയമം പാസാക്കിയത്.
പിന്തുണയറിയിച്ച് തങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ നിയമത്തെ പിന്തുണയ്‌ക്കുന്നുവെന്ന് കാണിക്കാനാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നും നിവേദനത്തിലുണ്ട്. മണ്ഡി സംവിധാനത്തില്‍ തങ്ങള്‍ അസന്തുഷ്ടരും അതിന്റെ ഇരകളുമായിരുന്നു. ചിലയിടങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ സമ്മര്‍ദത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കരുതെന്നും നിവേദനത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കാര്‍ഷിക നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും കര്‍ഷകര്‍ നിവേദനത്തില്‍ മുന്നോട്ടുവച്ചു. കര്‍ഷകര്‍ നിയമത്തിന് പിന്തുണയറിയിച്ചുവെന്നും കത്തു നല്‍കിയെന്നും യോഗശേഷം നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായാണ് മോദി സര്‍ക്കാര്‍ നിയമംകൊണ്ടുവന്നതെന്ന അഭിപ്രായം കര്‍ഷകര്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഉത്തരാഖണ്ഡില്‍നിന്നുള്ള 100 പേരടങ്ങിയ കര്‍ഷകരുടെ സംഘം സര്‍ക്കാരിന് പിന്തുണയറിച്ചിരുന്നു. ശനിയാഴ്ച ഹരിയാനയില്‍നിന്നുള്ള 29 അംഗ സംഘവും പിന്തുണയറിയിച്ച് നരേന്ദ്രസിംഗ് തോമറെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: