ന്യൂദല്‍ഹി: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കള്ളത്തരങ്ങള്‍ സുപ്രീംകോടതിയില്‍ തുറന്ന് കാട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഹത്രാസ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താന്‍ എത്തുന്നതിനിടെ പിടിയിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്ങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. സിദ്ദിഖ് കാപ്പനുവേണ്ടി വാദിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ദല്‍ഹി ഘടകം ലക്ഷങ്ങളുടെ സര്‍ക്കാര്‍ ഫണ്ടാണ് വെട്ടിച്ചിരിക്കുന്നത്. ഇതില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് സംഘം കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖ് കാപ്പന് വേണ്ടി വാദിക്കുന്നവര്‍ ഈ പണംവെട്ടിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലെ പ്രസിദ്ധമായ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഭൂമിയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കൈയേറിയിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.യു.ഡബ്ല്യു.ജെ ഇങ്ങനെയുള്ള നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും കേസ് രേഖകളും നമ്പരുകളും സഹിതമാണ് സുപ്രീംകോടതിയെ യുപി പോലീസ് അറിയിച്ചത്.
സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്തബന്ധമുണ്ട്. ഡല്‍ഹി കലാപത്തിലെ പ്രതി മുഹമ്മദ് ഡാനിഷ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹത്രാസിലേക്ക് കാപ്പന്‍ പോയതെന്നും യു.പി. സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമയം അനുവദിക്കുകയും യൂണിയന്റെ ഹര്‍ജി ജനുവരി മൂന്നാം വാരത്തില്‍ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായ പി. കോയ, അബ്ദുല്‍ മുകീത്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഫയസല്‍, ഗള്‍ഫ്ആം ഹസന്‍ എന്നിവരുമായി അടുത്ത ബന്ധമാണ് സിദ്ദിഖ് കാപ്പനുള്ളതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരില്‍ പലരും നിരോധിത സംഘടനയായ സിമിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
യുപിയില്‍ കലാപം നടത്താനാണ് കാപ്പനും സംഘവും ഹത്രാസിലേക്ക് പോയത്. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫ് ആണ്. ഡല്‍ഹി കലാപ കേസിലെ പ്രതികളായ മുഹമ്മദ് ഡാനിഷ്, റൗഫ് ഷെരീഫ് എന്നിവരുമായി കാപ്പന് ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും സംഘത്തെയും അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് ഇവര്‍ എത്തിയത്. അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ കേരളത്തിലെ മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സിദ്ദീക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്, ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാറസിലേക്ക് മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: