വാഷിങ്ടണ്‍: ഫാനും എസിയുമില്ലെങ്കില് ചൂടെടുത്ത് വെന്തുമരിക്കുമെന്ന് പരാതിപറയുന്നവര്ക്കിടയില് പിപിഇ കിറ്റിനുള്ളില്‍ ജീവന് കാവല്‍ നില്ക്കുന്ന കുറച്ചധികം മനുഷ്യരുണ്ട്. മണിക്കൂറുകള്‍ പോയിട്ട് നിമിഷങ്ങള്‍ പോലും അതിനെക്കുറിച്ചോര്‍ക്കാന്‍ നമുക്കാവില്ല.
അമേരിക്കയിലെ ടെക്സാസില്‍ 260 ദിവസമായി ഒരു ഡോക്ടര്‍ ഈ സംരക്ഷിത കവചത്തിനുള്ളിലാണ്, രോഗികളെ സംരക്ഷിക്കാന്‍. ഒരു ദിവസം പോലും അവധിയെടുക്കാതെ. ഒന്നിലധികം മാസ്കുകള്‍ ധരിച്ച്. മുഖാവരണമിട്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ-ഡോ. ജോസഫ് വാറന്‍. പലര്‍ക്കും ദൈവമാണ് അദ്ദേഹം.
അമേരിക്കയില്‍ മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മഹാമാരിയില്‍ നിന്ന് പലരെയും രക്ഷിച്ചത് അദ്ദേഹമാണ്. അമേരിക്കയില്‍ നോര്‍ത്ത് ഹൂസ്റ്റണിനടുത്തുള്ള ഒരു ചെറിയ ആശുപത്രി, യുണൈറ്റഡ് മെമ്മോറിയല്‍. അവിടുത്തെ ചീഫ് സ്റ്റാഫാണ് ഡോ. ജോസഫ് വാറന്‍.
കഴിഞ്ഞ ദിവസം ഒരു ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. കൊറോണ മുക്തനായ ഒരാള്‍ വളരെ നന്ദി പൂര്‍വം വാറനെ കെട്ടിപ്പിടിക്കുന്നതായിരുന്നു ആ ചിത്രം.
260 ദിവസമായി അദ്ദേഹം കൊറോണ ഡ്യൂട്ടിയില്‍ കയറിയിട്ട്. എല്ലാ ദിവസവും വീട്ടില്‍ പോകുന്നുണ്ട.് രണ്ട് മണിക്കൂറെങ്കിലും ഉറങ്ങാം എന്നു കരുതിയാണ് ഈ വരവ്. പക്ഷേ, ഫോണ്‍ അറ്റന്‍ഡ് ചെയ്യാനേ സമയമുള്ളൂ. കഴിഞ്ഞ എട്ട്-ഒന്‍പതു മാസത്തിനിടെ 15 കിലോ ഭാരമാണ് കുറഞ്ഞത്.
ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കളെല്ലാം നിറഞ്ഞിരിക്കുകാണ്. വാറന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഒന്നിലധികം മാസ്ക്കുകളും മറ്റും ധരിച്ചാണ് നില്പ്.
ആളെ തിരിച്ചറിയാന്‍ പലരുടെയും കഴുത്തില്‍ അവരവരുടെ ഫോട്ടോയും തൂക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ടെക്സാസില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ആ സമയത്ത് മെഡിക്കല്‍ സഹായം നല്കാന് സൈന്യവും എത്തിയിരുന്നു. പിന്നെ അവരും പോയി. വാറനും സംഘവും ജോലിയില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: