കാഞ്ഞങ്ങാട്: നിലക്കല്‍ ക്ഷേത്രധ്വംസനത്തെയും ശബരിമല പൂങ്കാവന ഭൂമി കൈയ്യേറ്റത്തെയും പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വം ‘വിശ്വാസ സംരക്ഷണ നിയമം’ കൊണ്ടുവരുമെന്ന് പറയുന്നത് കാപട്യവും വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള വിഫലശ്രമമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വാഴക്കോട് നടന്ന ബിജെപി പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1983ല്‍ ശബരിമല പൂങ്കാവന ഭൂമി കൈയ്യേറിയവര്‍ക്ക് ഒത്താശ ചെയ്തത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരനാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവിശാസികളുടെ സര്‍ക്കാര്‍ ആചാരലംഘനം നടത്തിയപ്പോള്‍ കൈയ്യും കെട്ടി നോക്കിയിരുന്നവരാണ് കോണ്‍ഗ്രസ്. ശബരിമല ആചാര സംരക്ഷണത്തിനായി പോരാടിയ ബിജെപി പ്രവര്‍ത്തകര്‍ക്കും വിശ്വാസി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും നേരെ ആയിരക്കണക്കിനു കേസാണ് പിണറായി സര്ക്കാറെടുത്തിട്ടുള്ളത്. വിശ്വാസ സംരക്ഷണത്തിനായി വാചാലരാകുന്നതിനു മുന്‍പ് വിശ്വാസി സമൂഹത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.
മൂന്നരകോടിയോളം മലയാളികളെ കടക്കാരാക്കിയെന്നതാണ് ഇടത് വലത് മുന്നണികള്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കേരളത്തിനുണ്ടാക്കിയ നേട്ടം. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ഉള്ള ഒരു പദ്ധതിയും സംസ്ഥാനം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ മുന്നോട്ട് വെച്ചിട്ടില്ല. അഴിമതി മുഖമുദ്രയാക്കിയ ഇരുമുന്നണികളെയും അധികാരത്തില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ കേരളത്തിന് പുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മടിക്കൈ ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി ബിജി ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ഥി ആശാലത, മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.വേലായുധന് എന്നിവര്‍ വോട്ട് അഭ്യര്‍ഥന നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, എന്നിവര്‍ സംബന്ധിച്ചു. ശങ്കരന് വാഴക്കോട് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന് കക്കട്ടില്‍ സ്വാഗതവും സി. കുമാരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: