തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയലില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കില്ല. വിശദമായ നിയമപരിശോധനയ്ക്കുശേഷം അനുമതി നല്കിയാല് മതിയെന്ന നിലപാടിലാണ് രാജ്ഭവന്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറോട് നേരിട്ട് വിശദാംശങ്ങള്‍ ധരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാഴ്ചയായി വിജിലന്‍സ് മേധാവി സുധേഷ് കുമാര്‍ അവധിയിലാണ്. ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. അവധിക്കുശേഷം തിരിച്ചെത്തുന്ന അദ്ദേഹം ഗവര്‍ണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. ഐജി എച്ച് വെങ്കിടേഷാണ് കേസ് വിവരങ്ങള്‍ രാജ്ഭവന് കൈമാറിയിരിക്കുന്നത്. തുടര്‍ന്നാണ് സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ഗവര്‍ണര്‍ ചോദിച്ചത്. വിഷയത്തില്‍ രാജ്ഭവന് മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം ചോദിച്ചതായി വിവരമുണ്ട്.
ബാറുടമ ബിജു രമേശിന്റെ ആരോപണത്തിലാണ് അന്വേഷണത്തിന് അനുമതി തേടിയിരിക്കുന്നത്. ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാനായി കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപയും മന്ത്രിമാരായിരുന്ന കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിന് നേരത്തേ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: