കൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ മരം മുറിച്ചു കടത്തലുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ ഓംബുഡ്സ്മാനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
2018 ജൂണിലാണ് കൊല്ലം കോര്‍പ്പറേഷിനെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എസ്. ജയന് ആരുടെയും അനുവാദം തേടാതെ മുളങ്കാടകം ശ്മശാനത്തില്‍ നിന്ന കൂറ്റന്‍ ആഞ്ഞിലിമരം മുറിച്ചുകടത്തിയത്. വള്ളിക്കീഴിലെ തടിക്കച്ചവടക്കാരന് 78,000 രൂപയ്ക്കാണ് തടി വിറ്റത്. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ മുറിച്ചെടുത്ത തടി മില്ലില്‍ നിന്നും തിരിച്ചുകൊണ്ടുവന്നിട്ടു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ വിജയപ്രകാശ് ഓടനാവട്ടം പരാതിയുമായി അധികൃതരെ സമീപിച്ചു. നീതി ലഭിക്കാതെ വന്നതോടെ അദ്ദേഹം പരാതിയുമായി ഓംബുഡ്സ്മാനെ സമീപിച്ചു. വിജയപ്രകാശ് ഓടനാവട്ടം നല്കിയ പരാതിയില്‍ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കാതെ ഓംബുഡ്മാനും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഒളിച്ചുകളി നടത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോര്പ്പറേഷന് സെക്രട്ടറിയാണ് കേസില്‍ രണ്ടാം പ്രതി. മൂന്നാംപ്രതി സ്ഥാനത്ത് സോഷ്യല്‍ ഫോറസ്ട്രി ജില്ലാ അധികാരിയും.
സിപിഎം നേതാവും അന്നത്തെ കന്നിമേല്‍ ഡിവിഷന് കൗണ്‍സിലറുമായിരുന്ന എസ്. ജയന് ഇത്തവണ വള്ളിക്കീഴ് ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ്. കോര്‍പ്പറേഷന്റെ പദ്ധതിയുടെ പേരില്‍ ശ്മശാന നവീകരണത്തിന്റെ മറവിലാണ് മരം വെട്ടി കടത്തിയത്. അനുമതി കൂടാതെ നടത്തിയ പകല്‍ക്കൊള്ള ന്യായീകരിക്കുകയാണ് മേയര്‍ രാജേന്ദ്രബാബു അന്ന് ചെയ്തത്. മുറിച്ച തടി നഷ്ടപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമുയര്‍ത്തി ജയനെ രക്ഷിക്കുകയായിരുന്നു. പാര്‍ട്ടി നടപടി എന്ന നിലയ്ക്ക് എസ്. ജയനെ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി മുഖം രക്ഷിക്കാനും സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചു.
എസ്. ജയനുവേണ്ടി പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എക്സ്. ഏണസ്റ്റും എന്‍.എസ്. പ്രസന്നകുമാറും അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി അനിരുദ്ധനും വാദിച്ചു. പാര്‍ട്ടിക്കുള്ളിലെ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാന്‍ നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും വിജയപ്രകാശ് ഓടനാവട്ടം ഹര്‍ജിയില്‍ ഉറച്ചുനിന്നതോടെ സംഭവം സിപിഎമ്മിന്റെ പിടിവിട്ടുപോയി.
കോര്‍പ്പറേഷന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനമെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ച കേസായിരുന്നു മരം മുറികടത്ത്. പൊതുസ്ഥലങ്ങളില്‍ നിന്ന മരം മുറിച്ചുകടത്തിയതിന് വൈല്‍ഡ് ഫോറസ്റ്റ് ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ കേസുകൂടിയാണിത്. സംഭവത്തില്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: