അമ്പലപ്പുഴ: കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളുടെ മാലയും ഐപോഡുകളും കവര്‍ന്ന കേസില്‍ കവര്‍ച്ചക്ക് കേസെടുക്കാതെ പ്രതികളെ രക്ഷപെടുത്താന്‍ പോലീസ് ശ്രമം. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ദേവസ്വം പറമ്പില്‍ മധുവിന്റെ മകന് അജേഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ചാണ് ഒരു സംഘം ഇവ കവര്‍ന്നത്. എന്നാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷപെടുത്താനുള്ള നീക്കമാണ് പുന്നപ്ര പോലീസ് സ്വീകരിക്കുന്നതെന്നു കാട്ടി അജേഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
എട്ടാം തീയതി വണ്ടാനത്തായിരുന്നു സംഭവം. അജേഷും ബന്ധു സുഭാഷ്, സുഹൃത്ത് ശ്രീ ശങ്കര്‍ എന്നിവര്‍ ആലപ്പുഴയില്‍ നിന്ന് കാറില്‍ അമ്പലപ്പുഴക്ക് വരുന്നതിനിടെ മറ്റൊരു കാറില്‍ അപകടകരമായ രീതിയില്‍ വന്ന യുവാക്കള്‍ സൈഡ് നല്‍കിയില്ലെന്നു പറഞ്ഞ് തങ്ങളുടെ കാറിന് മാര്‍ഗ തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് അജേഷ് നേരത്തെ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഒടുവില്‍ കാര്‍ നിര്‍ത്താന്‍ ആക്രോശിച്ചു കൊണ്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ മാര്‍ഗ സൃഷ്ടിച്ച ശേഷം യുവാക്കളെ ആക്രമിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന അജേഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന സുഭാഷിനെയും ശ്രീ ശങ്കറിനെയും യുവാക്കള്‍ മര്‍ദിച്ചു.ഇതിനിടയില്‍ സുഭാഷിന്റെ 18, 000 രൂപ വില വരുന്ന രണ്ട് ഐപോഡുകളും തട്ടിയെടുത്തു.പിടിവലിക്കിടയില്‍ പൊട്ടി വീണ അജേഷിന്റെ രണ്ട് പവന് തൂക്കമുള്ള മാലയുടെ പകുതിയും യുവാക്കള്‍ അപഹരിച്ചു.ഇതിനു ശേഷം നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാറു പേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് താന്‍ അന്നു തന്നെ പരാതി നല്‍കിയെങ്കിലും കവര്‍ച്ചക്ക് കേസെടുക്കാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പുന്നപ്ര സി.ഐ സ്വീകരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ അജേഷ് പറയുന്നു. പ്രതികളിലൊരാളുടെ ബന്ധു പുന്നപ്ര സ്റ്റേഷനിലെ ഉദ്യോഗസ്ഥനായതു കൊണ്ടാണ് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഏകദേശം 2,94,800 രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: