പത്രലേഖകന്റെ ഒരു ചോദ്യത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത് ‘താര്‍ക്കിക പ്രാധാന്യമുള്ള’- എന്നാണ്. ഇതുകേട്ട പത്രലേഖകന് ആശയക്കുഴപ്പത്തിലായിട്ടുണ്ടാകാം. എന്തായാലും, ഈ വാര്‍ത്ത വായിച്ച ഭാഷാസ്നേഹികള്‍ പലരും ആശയക്കുഴപ്പത്തിലായിട്ടുണ്ട്.
തര്‍ക്കം, താര്‍ക്കികം, പ്രാധാന്യം എന്നീ പദങ്ങളെല്ലാം നമുക്കു പരിചയമുള്ളവയാണ്. പക്ഷേ, താര്‍ക്കിക പ്രാധാന്യത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥതലമോ പിടികിട്ടുന്നില്ല. പത്രലേഖകര്‍ അര്‍ത്ഥം ചോദിച്ചെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ചിലപ്പോള്‍ വിശദീകരിച്ചേനേ. എന്തോ, അതുണ്ടായില്ല.
തര്‍ക്കത്തിനു പ്രാധാന്യമുള്ള ചോദ്യം എന്നാണോ അര്‍ത്ഥം? അറിയില്ല. താര്ക്കികര്ക്ക് പ്രാധാന്യമുള്ള ചോദ്യം എന്നായിക്കൂടേ അര്‍ത്ഥം? അതും അറിയില്ല. ചോദ്യത്തിന് താര്‍ക്കിക പ്രാധാന്യമുണ്ടെങ്കില്‍ ഉത്തരം പറയേണ്ടേ? എന്തായാലും സെക്രട്ടറി ഉത്തരം പറഞ്ഞിട്ടില്ല.
ഇതൊരു ആലങ്കാരിക പ്രയോഗമായിരിക്കുമോ? ആണെങ്കില്‍, അലങ്കാരശാസ്ത്രത്തില്‍ സാക്ഷരതയില്ലാത്തവര്‍ വിഷമിക്കും.
ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇത്തരം പ്രയോഗങ്ങള്‍ കൊണ്ടുവരുന്നവരാണ് യഥാര്‍ത്ഥ പ്രതിഭാശാലികള്‍! വ്യാഖ്യാന വിദഗ്ധര്‍ക്ക് നല്ല പണിയായി!
പഴയ പ്രയോഗങ്ങളുടെ അര്‍ത്ഥം മാറ്റാനും പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കാനുംചിലര്ക്കു കഴിയുന്നത് നമ്മുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നല്ല കാര്യംതന്നെ. ‘നവോത്ഥാന’-ത്തിന് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല ഉള്ളത്! അടുത്ത കാലത്താണ് മറ്റൊരു നേതാവ് ‘മദ്യസാക്ഷരത’- എന്ന പ്രയോഗവുമായി വന്ന് ഭാഷാസ്നേഹികളെ അമ്പരിപ്പിച്ചത്. മദ്യപാനമല്ല, മദ്യസാക്ഷരതയില്ലായ്മയാണ് കേരളീയരുടെ പ്രശ്നമെന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. മദ്യസാക്ഷരത എന്നാല്‍ എന്തെന്ന് വ്യക്തമാക്കാന്‍ കക്ഷി തയ്യാറായില്ല. അതിനല്, മദ്യാന്വേഷികളും അര്ത്ഥാന്വേഷികളും ഒരുപോലെ വിഷമത്തിലായി. അല്‍പ്പം വൈകിയെങ്കിലും ‘മദ്യസാക്ഷരത’-ക്കു പിന്നാലെ ‘മയക്കുമരുന്നു സാക്ഷരത’-യും എത്തി. ഇപ്പോള്‍ ‘താര്‍ക്കിക പ്രാധാന്യ’-വും. നമുക്കറിഞ്ഞുകൂടെന്നു കരുതി ഇവയ്ക്കൊന്നിനുംഅര്ത്ഥമില്ലെന്നു പറയാനാവുമോ?
പരീക്ഷക്കാലം അടുത്തുകൊണ്ടിരിക്കുന്നു. അതിനുമുമ്പ് ‘താര്‍ക്കിക പ്രാധാന്യ’-ത്തിന്റെ അര്‍ത്ഥം അധികൃതര്‍ ആധികാരികമായി വ്യക്തമാക്കണേ! താര്‍ക്കിക പ്രാധാന്യ പ്രയോഗത്തെക്കുറിച്ച് ചോദ്യംവന്നാല്‍ കുട്ടികള്‍ വിഷമിക്കരുതല്ലോ.
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”സാമൂഹിക പുരോഗതിക്കാധാരമാകുന്ന പുതിയ ചിന്തകളും തെളിവുകളും പലപ്പോഴും കോടതിമുറികളില്‍ നിന്നാണുണ്ടാകാറുള്ളതെന്ന് സുവിധിതമാണ്.”
‘സുവിദിത’-മാണ് ‘സുവിധിത’-മായത്. ‘സുവിദിതം’- എന്നാല്‍ പരക്കെ അറിയപ്പെട്ടത് എന്നര്‍ത്ഥം. കോടതിമുറിയുടെ പിന്നാലെ വന്നതുകൊണ്ടാവാം സുവിദിതം ‘സുവിധിത’-മായത്!
”സ്വകാര്യ ബാങ്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതി കൈവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്‍ക്കരണം സാധ്യമാക്കിയത്.”–
വികലമായ വാക്യം.
”…സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതിയും കൈവരിക്കുന്നതിന്…എന്നാണു വേണ്ടത്.
”രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തക സമിതിയുടെ ശുപാര്‍ശയെ ഞെട്ടലോടെയാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ വരവേറ്റത്.”-
എന്താണ് ഇതിന്റെയര്‍ത്ഥം? ‘വരവേറ്റു’- എന്നാല്‍ സ്വാഗതം ചെയ്തു എന്നാണ് നാം ധരിക്കുക. തൊട്ടുമുമ്പൊരു ‘ഞെട്ടല്‍’- ഉണ്ടായതാണ് ആശയക്കുഴപ്പത്തിനു കാരണം. വരവേല്ക്കാവുന്ന ശുപാര്‍ശയാണെങ്കില്‍ ഇവര്‍ ഞെട്ടിയതെന്തിന്? ശുപാര്‍ശ സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടലുണ്ടാക്കി, ഞെട്ടലോടെയാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ കേട്ടത് എന്നൊക്കെ എഴുതിയെങ്കില്‍ കാര്യം മനസ്സിലാകുമായിരുന്നു. ഈ ശുപാര്‍ശയെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്യുകയാണോ അതോ അവര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണോ ചെയ്തത്? എഴുതിയ ആള്‍ക്കേ അറിയൂ. അതുകൊണ്ട് വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല.”-
”വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്‍മ്മാണം ന്യൂനതകള്‍ പരിഹരിച്ച് പൂര്‍ത്തിയാക്കുകയും വേണ്ടതുണ്ട്.”-
‘വേണ്ടതുണ്ട്’- പലര്‍ക്കും ഒഴിയാബാധയാണ്. ‘പൂര്‍ത്തിയാക്കുകയും വേണം’- എന്നു മതിയല്ലോ. മുഖപ്രസംഗമെഴുത്തുകാര്ക്കു പൊതുവേ ‘വേണ’-ത്തെക്കാള്‍ പ്രിയം ‘വേണ്ടതുണ്ടാ’-ണ്.
പിന്കുറിപ്പ്:
”വെളിയിട വിസര്‍ജ്യം ഒഴിവാകുന്നു”– വാര്‍ത്ത
വെളിയിട ‘വിസര്‍ജനം’- ഒഴിവായില്ലെങ്കിലും സാരമില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: