കഥകളിയേക്കാള്‍ പ്രാചീനമായതെന്ന് വലിയൊരു വിഭാഗം ഗവേഷകര്‍ രേഖാമൂലം സ്ഥിരീകരിക്കുന്നൊരു ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം. കൂടിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, ചാക്യാര്‍കൂത്ത് മുതലായ നടനകലകളുടെ ശ്രേഷ്ഠമിശ്രണമായി പതിനേഴാം നൂറ്റാണ്ടില്‍ രൂപംകൊണ്ടതാണ് കഥകളിയെങ്കില്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒഡിഷയില്‍ ജീവിച്ചിരുന്ന കവിശ്രേഷ്ഠന് ജയദേവന് രചിച്ച ‘ഗീതഗോവിന്ദം’ എന്ന കാവ്യത്തിന്റെ രംഗാവിഷ്കാരമാണ് അഷ്ടപദിയാട്ടം.
ജയദേവകൃതിയിലെ എല്ലാ ഗീതങ്ങളും എട്ടു ഖണ്ഡങ്ങള്‍ ചേര്‍ന്നതായതിനാല്‍, അതിനെ അഷ്ടപദിയെന്നും വിളിച്ചുപോന്നു. പിറവികൊണ്ട കാലം മുതല്‍ ഈ രാധാമോഹനകാവ്യത്തിന്റെ ദൃശ്യരൂപങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും വിവിധ നാമങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അഷ്ടപദിയുടെ നാട്യഭാഷ്യം ക്രമേണ അഷ്ടപദിയാട്ടമായി അറിയപ്പെടാന്‍ തുടങ്ങി.
ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ക്ലാസിക്കല്‍ കലാരൂപമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കഥകളിയില്‍ പോലും അഷ്ടപദിയാട്ടത്തിന്റെ അടയാളങ്ങള്‍ അങ്ങിങ്ങായി കാണാം.
എന്നാല്‍ അവ്യക്തമായ കാരണങ്ങളാല്‍ അഷ്ടപദിയാട്ടത്തിന് അതിന്റെ പ്രതാപം ജനപ്രിയ വഴിയിലെവിടയോവച്ച് നഷ്ടമായി. അത് വീണ്ടെടുക്കുന്നതിനായി കേരളക്കരയിലെ നാട്യരംഗത്ത് അര നൂറ്റാണ്ടിലേറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന തീവ്രശ്രമങ്ങള്‍ക്ക് ഏറ്റവുമൊടുവില്‍ ലഭിച്ച ഊര്‍ജ്ജ സ്രോതസ്സാണ് കലാമണ്ഡലം ഷീബാ കൃഷ്ണകുമാര്‍!
ഹൃദയ മുദ്രകളില്‍ സ്വയംലയിച്ച്, ഷീബ തന്റെ ദ്രുതനടനം അരങ്ങില്‍ അമൃതധാരയായി പെയ്തൊഴിക്കുന്നതു ദര്‍ശിക്കുന്ന പ്രേക്ഷകര്‍ ഉന്മാദത്തില് അകപ്പെട്ടുപോകുന്നത് സ്വാഭാവികം.
അഷ്ടപദിയാട്ടത്തിന് പുതുജീവന്‍ നല്കിക്കൊണ്ടിരിക്കുന്ന കലാവീഥിയിലെ തന്റെ അനുഭവങ്ങള്‍ ഷീബ പങ്കുവെക്കുന്നു:
രംഗപ്രവേശം
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദമെടുത്തതിനുശേഷം, ഞാനിപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ഡോക്ടറേറ്റിനുവേണ്ടിയുള്ള നൃത്തഗവേഷക വിദ്യാര്‍ത്ഥിയാണ്. ഞാന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അഷ്ടപദിയാട്ടം പ്രൊ. കരിമ്പുഴ രാമകൃഷ്ണന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ വരികള്‍ക്ക് പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന് മാസ്റ്റര്‍ നല്കിയ ഭാഷ്യമാണ്. നൃത്താചാര്യന്‍ ചേമഞ്ചേരിയുടെതന്നെ ശിഷ്യയായ കണ്ണൂര്‍ സീതാലക്ഷ്മി ടീച്ചറാണ് അഷ്ടപദിയാട്ടത്തില്‍ എന്റെ മുന്‍ഗാമി.
കേരളത്തിലെ ആദ്യകാല നര്‍ത്തകിമാരില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വം പേരില്‍ ഒരാളാണ് സീതാലക്ഷ്മി ടീച്ചര്‍. നിരവധി വേദികളില്‍ നടനവൈഭവം തെളിയിച്ച ടീച്ചര്‍ക്ക് പ്രായാധിക്യംമൂലം ഇനിയതിനാവില്ലെന്നു വന്നപ്പോഴാണ് അഷ്ടപദിയാടാന് ഞാന്‍ ചിലങ്കയണിഞ്ഞത്. മഹാകവി ജയദേവര്‍ കൊളുത്തിയ രാഗദീപം അണഞ്ഞുകൂടാ.
അഷ്ടപദിയിലെ അരങ്ങേറ്റം
പന്ത്രണ്ടാം വയസ്സുമുതല്‍ മോഹിനിയാട്ടം ചെയ്തുകൊണ്ടിരുന്ന ഞാന്‍ അഞ്ചുവര്‍ഷം മുന്നെയാണ് അഷ്ടപദിയാട്ടത്തില്‍ ആകൃഷ്ടയായത്. നൂറ്റിയഞ്ച് വയസ്സ് പ്രായമുള്ള നാട്യകുലപതി ചേമഞ്ചേരിയാണ് അഷ്ടപദിയുടെ ഉല്കൃഷ്ടവീഥിയിലേക്ക് എന്നെ നയിച്ചത്.
രണ്ടുവര്‍ഷം കഠിനമായ പരിശീലനം തന്നെയായിരുന്നു. ചില പ്രത്യേക മുദ്രകളുടെ അംഗുലീചലനങ്ങള് സീതാലക്ഷ്മി ടീച്ചര്‍ ചേര്‍ത്തിരുത്തി അഭ്യസിപ്പിച്ചു. മെല്ലെ, മെല്ലെ ഞാന്‍ ഈ ശാസ്ത്രീയ നൃത്തത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിച്ചു. അമ്പതുകളില്‍ ടീച്ചര്‍ അവതരിപ്പിച്ച അഷ്ടപദിയാട്ടം, കണ്ണൂരിലെ മാധവറാവുസിന്ധ്യ ട്രസ്റ്റിന്റെ കലാവേദിയില്‍ സാംസ്കാരിക നായകരെ സാക്ഷിനിര്‍ത്തി പുനരാവിഷ്കരിച്ചു. 2017-ല്‍ നടന്ന അഷ്ടപദിയിലെ എന്റെ അരങ്ങേറ്റം കലാസ്നേഹികള്‍ വരവേറ്റത് അങ്ങേയറ്റം ആവേശത്തോടെയാണ്. 1972 ല്‍ സീതാലക്ഷ്മി ടീച്ചര്‍ അരങ്ങില്‍നിന്ന് വിടപറഞ്ഞതിനുശേഷം ആസ്വാദകര്‍ ആദ്യമായി അഷ്ടപദിയാട്ടം കാണുകയായിരുന്നു!l
പിരിമുറുക്കങ്ങള്‍
ഈ തലമുറയിലെ സഹൃദയര്‍ക്ക് കേട്ടറിവു മാത്രമുള്ള ഒരു ക്ലാസ്സിക്കല്‍ നാട്യരൂപം അരങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ സകലവിധ പിരിമുറുക്കങ്ങളും അനുഭവിച്ചറിഞ്ഞു. ശാസ്ത്രീയ നൃത്തങ്ങളുടെ പിന്‍ബലം ഉള്ളവര്‍ക്കുകൂടി അത്രപെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ഇതിന്റെ രീതികള്‍. അഷ്ടപദിയാട്ടത്തിന് മോഹിനിയാട്ടവുമായി എന്തെങ്കിലും സാദൃശ്യമുണ്ടെങ്കില്‍ അത് മുദ്രകളില്‍ മാത്രമാണ്.
എന്തിനേറെ, 48 വര്‍ഷത്തെ ഇടവേളക്കുശേഷം വേദി വീണ്ടുമൊരുങ്ങുന്നുവെന്ന വാര്‍ത്തയില്‍ ഉള്‍പ്പെടുത്താന്‍ അഷ്ടപദിയാട്ടത്തിന്റെ വേഷമണിഞ്ഞ ഒരു ഫോട്ടോപോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. ഉടയാടകളുടെയും ചമയങ്ങളുടെയും അന്തിമരൂപ തീരുമാനങ്ങള്‍ നീണ്ടുപോയി. പത്തെണ്ണൂറു വര്‍ഷം പഴക്കമുള്ളൊരു ക്ലാസ്സിക്കല്‍ ആവിഷ്കാരത്തിന്റെ വേഷവിധാനത്തിനുപോലും ധിഷണാപരമായ സമീപനം അനിവാര്യമായിരുന്നു!
വാടിത്തളര്‍ന്ന നിമിഷങ്ങള്‍ അഷ്ടപദി ശിക്ഷണ വേളയില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ എന്നെ പിന്തുടര്ന്നു. അനന്തമായിക്കിടക്കുന്ന സമുദ്രത്തിന്റെ അങ്ങേയറ്റത്തേക്ക് ദൃഷ്ടിപായിക്കാന്‍ ഗുരു ആജ്ഞാപിച്ചപ്പോള്‍, അത് ഒരു മോഹിനിയാട്ട നര്‍ത്തകിയുടെ നയനവിലാസ ജ്ഞാനത്തിന് അപ്പുറമായിരുന്നു. ഒരു ശ്ലോകത്തിലെ ഒരു വരിയിലെ ഒരു പദം മാത്രം അഭിനയിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു മുഴുവന്‍ ദിവസമെടുത്ത അനുഭവങ്ങള്‍ എത്രയെത്ര! അരങ്ങേറ്റത്തിനു തൊട്ടുമുന്നെ രണ്ടുമണിക്കൂര്‍ നീളുന്ന അവസാനപാദ തീവ്രപരിശീലനം മൂന്നു തവണ തുടര്‍ച്ചയായി ചെയ്യേണ്ടിവന്നപ്പോള്‍ ഓജസ്സ് പൂര്‍ണ്ണമായും ചോര്‍ന്നുപോയി ഞാന്‍ വാടിത്തളര്‍ന്നിട്ടുണ്ട്. പക്ഷേ, ഞാനിന്ന് എന്തെങ്കിലും സ്വായത്തമാക്കിയിട്ടുണ്ടെങ്കില്‍ അത് ആ ഗുരുത്വം മൂലം ലഭിച്ച സിദ്ധിമാത്രമാണ്.
പരിണാമങ്ങള്‍
സീതാലക്ഷ്മി ടീച്ചറുടെ കാലത്ത് നാലുമണിക്കൂര്‍ നേരം ചെയ്തിരുന്ന നാട്യം, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, രണ്ടുമണിക്കൂറിലേക്ക് സംക്ഷേപിച്ചുവെന്നതാണ് ഘടനാപരമായ വ്യത്യാസം. ഗുരു ചേമഞ്ചേരിയുടെ ബോധനം അനുസരിച്ചാണ് ഈ ലളിതവല്‍ക്കരണം നടത്തിയത്. മുന്നെ രണ്ടുമണിക്കൂര്‍ സോളോ പെര്‍ഫോര്‍മന്‍സും, ബാക്കി രണ്ടുമണിക്കൂര്‍ ബാലെയുമായിരുന്നു. ഇപ്പോള്‍ ബാലെ വേണ്ടെന്നുവച്ചു. പുതിയ ലോകത്ത് നാലുമണിക്കൂര്‍നേരം ഇരുന്നുകാണാലുള്ള ക്ഷമ പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ലെന്നതുകൂടി പരിഗണിച്ചാണ് ഈ മാറ്റം വരുത്തിയത്.
ടീച്ചര്‍ അണിഞ്ഞിരുന്നത് ഗുജറാത്തി രീതിയിലുള്ള പാവാടയും ബ്ലൗസും ദാവണിയുമായിരുന്നു. ചിത്രകലാ രംഗത്തെ സജീവ സാന്നിധ്യമായ കെ. കെ. മാരാര്‍ മാഷാണ് കേരളശൈലിയിലുള്ള പുതിയ വസ്ത്രങ്ങളു, അവയുടെ നിറങ്ങളും വിഭാവനം ചെയ്തത്. നങ്ങ്യാര്‍കൂത്തിന്റേതുപോലെ വലിയ കിരീടമാണ് അഷ്ടപദിയുടെ കലാകാരിയും ധരിച്ചിരുന്നത്. കേശാലങ്കാരത്തില്‍ വരുത്തിയ വ്യത്യാസത്തോടൊപ്പം കൊച്ചു വൈരക്കല്‍ കിരീടവും സ്വീകരിച്ചു.
ആഭരണങ്ങളിലും ചമയങ്ങളിലും പാരമ്പര്യപ്പകര്ച്ച നഷ്ടപ്പെടാതെ, കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തി. കേരളത്തിലെ പ്രശസ്ത ഫോക്ലോര് ഗവേഷകന് ഡോ. രാഘവന് പയ്യനാടും, സാഹിത്യകാരന് ടി.കെ.ഡി. മുഴപ്പിലങ്ങാടും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു.
വാദ്യവൃന്ദം
മൃദംഗം, ഇടയ്ക്ക, പുല്ലാംകുഴല്‍, വയലിന്, നട്ടുവാങ്കം, ചെണ്ട, മദ്ദളം മുതലായവയാണ് അഷ്ടപദിയാട്ടത്തില്‍ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങള്‍. പദം പാടുമ്പോള്‍ മൃദംഗവും ഇടയ്ക്കയും പുല്ലാംകുഴലും നട്ടുവാങ്കവുമാണ് വായിക്കുന്നത്. വാദികാഭിനയ സമയമാണിത്. കലാശത്തിലെത്തുമ്പോള്‍ ചെണ്ടയും മദ്ദളവും വാദ്യവൃന്ദത്തില്‍ പങ്കുചേരുന്നു. തീവ്ര സ്വഭാവമുള്ള രംഗങ്ങള്‍ ആവിഷ്കരിക്കുന്ന ഘട്ടങ്ങളിലാണ് ചെണ്ടയും മദ്ദളവും അകമ്പടിയായി എത്തുന്നത്. മനോധര്‍മ്മം പ്രകടിപ്പിക്കുമ്പോള്‍ പശ്ചാത്തലമേളം വളരെ ഗാംഭീര്യമുള്ളതായിരിക്കണം. തീക്ഷ്ണ സ്വഭാവമില്ലാത്ത ആഖ്യാന രംഗങ്ങളില്‍ ചെണ്ട ഉപയോഗിക്കാതിരിക്കുകയോ, മദ്ദളത്തോടൊപ്പം മൃദുവായി കൊട്ടുകയോ ചെയ്യുന്നു.
വര്ണ്ണനാശ്ലോകങ്ങളാണ് വായ്പ്പാട്ടായി ആലപിക്കുന്നത്. നര്‍ത്തകി അതിന് മുദ്രകളിലൂടെയും നാട്യത്തിലൂടെയും ജീവന് നല്കുന്നു. പക്കമേളം അതിന്റെ നാദപ്പകിട്ടാണ്!
പുനരുത്ഥാന ശ്രമങ്ങള്‍
ഒരു ദൃശ്യകലാരൂപമെന്ന നിലയില്‍ അഷ്ടപദിയാട്ടത്തിന് ഇടമുറിയാതെയുള്ള ജനപ്രീതി ലഭിക്കാതെപോയത് ഒരു പ്രത്യേക കാവ്യത്തെ മാത്രം അവലംബിച്ചതിനാലാണോ എന്ന ചോദ്യം പഠന വിധേയമാക്കണം. ഏതായാലും ഇന്ത്യന്‍ ക്ലാസ്സിക്കല്‍ കലാരൂപങ്ങളെക്കുറിച്ചു പരാമര്‍ശമുള്ള എല്ലാ രേഖകളിലും അഷ്ടപദിയാട്ടത്തിന്റെ ഔന്നത്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ജയദേവരുടെതന്നെ ആലാപനത്തിന് പത്നി പത്മാവതി നൃത്തംചവിട്ടിയതാണ് അഷ്ടപദിയുടെ ഏറ്റവുമാദ്യത്തെ ആവിഷ്കാരം. തുടര്‍ന്നുവന്ന ഒമ്പതു നൂറ്റാണ്ടുകാലത്തെ പ്രയാണത്തില്‍ അഷ്ടപദിയുടെ പ്രചാരം കൂടിയും കുറഞ്ഞും നിലകൊണ്ടു.
1850-ല്‍ എടപ്പള്ളി രാഘവന് തിരുമുള്‍പ്പാട് അഷ്ടപദിയാട്ടത്തിന് പുതുജീവന്‍ നല്കി രംഗത്ത് വീണ്ടും അവതരിപ്പിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. പിന്നീടിത് എത്രകാലം സജീവമായി അരങ്ങിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എന്നാല്‍, 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തില്‍ അഷ്ടപദിയാട്ടം വളരെ ദീപ്തമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ സീതാലക്ഷ്മി ടീച്ചര്‍ക്കുശേഷം ചില നര്‍ത്തകിമാര്‍ രണ്ടോ മൂന്നോ വേദികള്‍ മാത്രം ചെയ്ത് അന്തര്‍ധാനം ചെയ്യുകയാണുണ്ടായത്. അഷ്ടപദിയുടെ വഴങ്ങാത്ത പ്രകൃതമാണോ പക്കമേളത്തിനു വരുന്ന ഭാരിച്ച ചെലവാണോ കാരണമെന്ന് അറിയില്ല, അഷ്ടപദിയെ ഉപാസിക്കാന്‍ അധികമാരും മുന്നോട്ടുവന്നില്ല. .
അംഗീകാരങ്ങള്‍
മറ്റൊരു കലാകാരി വേദിയില്‍ അവതരിപ്പിക്കുന്നത് ഒരിക്കല്‍പോലും നേരില്‍ കാണാന്‍ സാധിക്കാതിരുന്നൊരു നാട്യയിനം അരങ്ങിലേക്കു തിരിച്ചെത്തിക്കുന്നതിനു കാരണമായതാണ് ആത്യന്തിക നേട്ടമായി എനിക്ക് തോന്നുന്നത്. നാട്യവേഷത്തില് സീതാലക്ഷ്മി ടീച്ചറുടെ രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ മാത്രമാണ് ഞാന്‍ ആകെ കണ്ടിട്ടുള്ളത്. കാലാഹരണപ്പെട്ടുപോകും മുന്നെ അഷ്ടപദിയാട്ടത്തെ വീണ്ടെടുത്തതിന് കലാപ്രേമികള്‍ കോരിച്ചൊരിയുന്ന സ്നേഹവായ്പാണ് എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സമുന്നതമായ അംഗീകാരം.
ഇടയ്ക്ക കൊട്ടിക്കൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈയിടെ അഷ്ടപദിയാട്ടത്തിന്റെ ദൃശ്യവിരുന്നില്‍ പങ്കെടുത്തതുപോലും ഈ എളിയ ഉപാസക എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന അഭിമാന മുഹൂര്‍ത്തങ്ങളാണ്.
കേരള ടൂറിസം ഡവലപ്മെന്റ് വകുപ്പിന്റെ പൈതൃകകല സംരക്ഷണ പുരസ്കാരം, കലാനിധി ഫൗണ്ടേഷന്റെ നടനകീര്‍ത്തി അവാര്‍ഡ്, ഹരിപ്രിയ സമ്മാനം, സ്ത്രീശക്തി പുരസ്കാരം മുതലായ മറ്റുചിലതും അംഗീകാര നാമാവലിയിലുണ്ട്.
കുടുംബ പശ്ചാത്തലം
തലശ്ശേരിയിലാണ് താമസം. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിനു സമീപം. ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ ഉദ്യോഗസംബന്ധമായാണ് തലശ്ശേരിയിലെത്തിയത്. ഗുരു ചേമഞ്ചേരി, സീതാലക്ഷ്മി ടീച്ചര്‍, മുഴപ്പിലങ്ങാട് സാര്‍, മാരാര്‍ മാഷ് മുതലായ അതുല്യ പ്രതിഭകളെ കണ്ടുമുട്ടാനും, ആ ബന്ധം പിന്നീട് അഷ്ടപദിയാട്ടത്തിലേക്ക് എന്നെ എത്തിച്ചതിനുമെല്ലാം വഴിയൊരുക്കിയത് തലശ്ശേരിയിലെ ജീവിതമാണ്.
തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂര്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. നൃത്തകലയോട് എനിക്ക് കുട്ടിക്കാലത്ത് തോന്നിയ പ്രണയം തിരിച്ചറിഞ്ഞ പിതാവ് കൂടുതല്‍ പഠിക്കാനായി എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തു.
മച്ചാടിലാണ് ഭര്‍ത്തൃഗൃഹം. മച്ചാട് മാമാങ്കം എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത നാട്ടുത്സവം അരങ്ങേറുന്ന തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിനടുത്ത്. രണ്ട് ആണ്മക്കള്. പ്രണവ് കൃഷ്ണയും പ്രവീണ്‍ കൃഷ്ണയും. രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്.
വിജയ് സി. എച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: