കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമായി സുരേഷ് ഗോപി എംപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. താരപരിവേഷത്തില്‍ നിന്ന് മാറി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസ്സറിഞ്ഞ് കൃത്യമായി രാഷ്ട്രീയ വിശകലനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കേരളത്തെ മുച്ചൂടും നശിപ്പിക്കുന്ന ഇടത് സര്‍ക്കാരിന്റെ അഴിമതിയും വികസന മുരടിപ്പുമെല്ലാം അദ്ദേഹം കാര്യകാരണ സഹിതം വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചു. കേവലം പ്രസംഗത്തിനപ്പുറം പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ കണ്ടറിയാനും നിര്‍ദ്ദേശം നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി.
തന്റെ പ്രസംഗത്തില്‍ കണ്ണൂരിനെ പ്രത്യേകം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. തനിക്ക് രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിത്തന്ന കളിയാട്ടം എന്ന സിനിമ മലബാറിന്റെ തെയ്യത്തെ പ്രമേയമാക്കിയുളളതാണെന്നും അതുകൊണ്ട് കണ്ണൂര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തും വ്യത്യസ്തമായ നിരവധി കാര്യങ്ങളുണ്ടാകും, മലബാറില്‍ അത് തെയ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടു വന്ന പരിഷ്കരണ പരിപാടികളും ജനപ്രിയ പദ്ധതികളുമെല്ലാം അദ്ദേഹം വിശദീകരിച്ചു. ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മിന് എതിരായ ജനവിധിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, ഇരിട്ടി പുന്നാട്, കണ്ണവം കോളനി, പാനൂര്‍, തലശ്ശേരി തുടങ്ങിയ സ്ഥാലങ്ങളിലെല്ലാം വന്‍ ജനാവലിയാണ് അദ്ദേഹത്തെ എതിരേറ്റത്. കേവലം രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞ് അവരോടൊപ്പം ഫോട്ടോയെടുക്കാനും അവരോടൊപ്പം ആവേശം പങ്കുവെക്കാനും അദ്ദേഹം തയ്യാറായി.
കണ്ണൂര്‍ കോര്‍പറേഷനില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമത്തോടെയാണ് ഇന്നലത്തെ പര്യടന പരിപാടി ആരംഭിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും പരിപാടി സ്ഥലത്തെത്തിച്ചേര്‍ന്നു. സുരേഷ് ഗോപി പ്രചാരണത്തിനെത്തിയ ഗ്രാമീണമേഖലകളിലും വലിയ ജനസഞ്ചയമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. കേവലം ആവേശപ്രസംഗങ്ങള്ക്കപ്പുറം വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് ആനുകാലിക വിഷയങ്ങളിലൂന്നിയ ഇടപെടലായിരുന്നു പര്യടനത്തിലുടനീളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: