തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലയിരുത്തി ജന്മഭൂമിയില് എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. കള്ള പ്രചാരണത്തില്‍ അകപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട മുസ്ലിം സമൂഹം നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്ന ലേഖനം മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പറയുന്നു.
ഏതെങ്കിലും സമൂഹത്തിനോ സമുദായത്തിനോ പ്രതികൂലമായ ഒരു കാര്യവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയമാണ്. യുഡിഎഫിന്റെ കാലത്ത് മുസഌംലീഗിന്റെ ശുപാര്‍ശയില്‍ വൈസ് ചാന്‍സലറായ ഡോ. എം. അബ്ദുള്‍സലാം രാജ്യത്തെ അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്.
നരേന്ദ്രമോദി അധികാരത്തിലേറിയശേഷം നടപ്പാക്കിയ ക്ഷേമ പരിപാടികളെല്ലാം വിജയകരമായിട്ടുണ്ട്. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മുസ്ലിം വിരുദ്ധമെന്ന് നിക്ഷിപ്ത രാഷ്ട്രീയ നേതൃത്വം വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധനം അനുഗ്രഹമായിക്കാണുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.
https://www.janmabhumi.in/read/prime-minister-narendra-modi/
പല പ്രധാനമന്ത്രിമാരെയും കണ്ടവരാണ് നമ്മള്. ഇനിയും പ്രധാനമന്ത്രിമാര്‍ വന്നേക്കാം. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരാളെ മറ്റു ലോക രാജ്യങ്ങളില്‍ കാണാനാവില്ല. നരേന്ദ്രമോദിയെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരുന്നു. മുസ്ലിം സമൂഹം ആ കള്ള പ്രചാരണത്തില്‍ ഒരു പരിധിവരെ അകപ്പെട്ടിട്ടുണ്ടാകാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹം ആത്മാര്‍ത്ഥമായി, നിഷ്പക്ഷമായി, മനസ്സിരുത്തി വിലയിരുത്തണം. നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണം. ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന നേതാവാണ് നരേന്ദ്രമോദി. മോദി മാജിക്, അല്ലെങ്കില്‍ അത്ഭുതം കേരളവും തിരിച്ചറിയുകയാണ്.
അദ്ദേഹത്തിന്റെ മഹത്വം, കാഴ്ച്ചപ്പാട് എന്നിവ ഇന്ത്യ മാത്രമല്ല ലോകമാകെ മനസ്സിലാക്കിക്കഴിഞ്ഞു. മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. നരേന്ദ്രമോദി പ്രസംഗിക്കുമ്പോള്‍ റഷ്യന്‍ ഭരണ സാരഥി പുടിന് കുറിച്ചെടുക്കുന്നത് കാണാമായിരുന്നു. ചൈനയ്ക്കും ഇന്ത്യയുടെ ഇന്നത്തെ കരുത്ത് ബോധ്യമായി. വലിയ സൈനിക ബലവും ആയുധ സംഭരണവുമെല്ലാം ഉണ്ടായിട്ടും ചൈന പത്തിമടക്കുന്നത് നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിന്റെയും കര്‍മ്മശേഷി തിരിച്ചറിയുന്നതുകൊണ്ടാണ്. മുമ്പെങ്ങുമില്ലാത്ത ഭരണമികവാണ് രാജ്യത്ത് ഇന്ന് പ്രകടമാകുന്നത്. പാവപ്പെട്ടവരെയും ഗ്രാമങ്ങളെയും മുന്നില്‍ കണ്ട് ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ ഒട്ടനവധിയാണ്.
ഇങ്ങനെയൊരു നായകനെ ലഭിച്ച നമ്മള് ഭാഗ്യവാന്മാരാണ്. ആരെങ്കിലും പറയുന്നത് അപ്പടി വിശ്വസിച്ച് പെരുമാറുന്നതിന് പകരം മനസ്സിരുത്തി വിലയിരുത്തിയാല്‍ നരേന്ദ്രമോദിയോടൊപ്പമേ നമുക്ക് നില്ക്കാന് പറ്റു. കണ്ണും കാതും തുറന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ തിരിച്ചറിയും നമ്മുടെ രക്ഷാകര്‍ത്താവാണ് നരേന്ദ്രമോദി.
താരതമ്യേന ബുദ്ധിയും വിദ്യാഭ്യാസവും വിവരവുമെല്ലാം ഉള്ളവരാണ് കേരളത്തിലെ മുസ്ലിം സമൂഹം. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പഠിക്കണം. ഏതെങ്കിലും സമൂഹത്തിനോ സമുദായത്തിനോ പ്രതികൂലമായ ഒരു കാര്യവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയമാണ്. നിരന്തരം അക്കാര്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് നിരന്തരം ലഭിക്കുന്നത് തിരിച്ചടിയാണെന്ന് തിരിച്ചറിയണം. കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മുസ്ലിം വിരുദ്ധമെന്ന് നിക്ഷിപ്ത രാഷ്ട്രീയ നേതൃത്വം വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധനം അനുഗ്രഹമായിക്കാണുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. അത് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിലും അടുത്ത തെരഞ്ഞെടുപ്പിലും ബോധ്യപ്പെടും. ചെറുപ്പക്കാര്‍ ശ്രേഷ്ഠമായ ഇന്ത്യ കെട്ടിപ്പടുക്കുന്ന നേതാവിനൊപ്പമാണ്.
നരേന്ദ്രമോദി അധികാരത്തിലേറിയശേഷം നടപ്പാക്കിയ ക്ഷേമ പരിപാടികളെല്ലാം വിജയകരമായിട്ടുണ്ട്. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. സ്വഛ് ഭാരത് എന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ ആദ്യം പരിഹസിച്ചവര്ക്ക് പോലും അത് ഏറ്റെടുക്കേണ്ടി വന്നു. 11 കോടി വീടുകള്‍ക്ക് ശൗചാലയം പണിതത് ചെറുതായി കാണാന്‍ കഴിയുമോ ?
എട്ടുകോടി വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കിയത് നിസ്സാരകാര്യമാണോ ? ജാതിയോ മതമോ നോക്കിയാണോ ഇതൊക്കെ അനുവദിച്ചത്. ഒരു പൈസപോലും മുതല്‍ മുടക്കില്ലാതെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കിയില്ലേ ! കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നേരിട്ട് ബാങ്ക് വഴി കിട്ടുകയല്ലേ. ലോകത്ത് ഒരിടത്തുമില്ലാത്തവിധം 50 കോടി ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ലേ.കള്ളപ്പണം പിടിച്ചെടുക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് ഇവ വ്യാപകമാക്കിയതും വന്‍ നേട്ടമാണ്. ഒരു വര്‍ഷം രണ്ടും മൂന്നും തെരഞ്ഞെടുപ്പ് എന്നത് മാറ്റാനുള്ള തുടക്കമായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം നടപ്പായാല്‍ ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാം.
കോവിഡ് മഹാമാരിയില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാന്‍ നരേന്ദ്രമോദി നടപ്പാക്കിയ പരിശ്രമം ലോകം ശ്ലാഘിച്ചതാണ്. എല്ലാവര്ക്കും വാക്സിന് എത്തിക്കാനുള്ള തീവ്രമായ പ്രവര്‍ത്തനവും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. സര്‍വ്വ ജനങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി പ്രയത്നിക്കുമ്പോള്‍ കേരളത്തിലെ ഭരണം അങ്ങനെയാണോ ?
കേരളത്തിലെ ഭരണം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രമാണ്. 50 ലക്ഷം പാര്‍ട്ടിക്കാരേ ഭരണക്കാരുടെ ചിന്തയിലുള്ളൂ. ഏത് ഭരണമായാലും പാര്‍ട്ടി താല്പര്യത്തിനാണ് മുന്‍ഗണന. ഇപ്പോള്‍ തന്നെ കിഫ്ബിയും ലൈഫ് മിഷനും ഉള്‍പ്പെടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. കഴിഞ്ഞ ഭരണത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ഇതെല്ലാം നേരില്‍കാണുന്ന കേരള ജനത വലിയൊരു മാറ്റത്തിനായി നരേന്ദ്രമോദിക്കൊപ്പം നില്ക്കാന് തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: