കൊല്‍ക്കത്ത : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശ്ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ ചീഫ് സെക്രട്ടറിയോടും, പോലീസ് മേധാവിയോടും ഹാജരായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ദല്‍ഹിയില്‍ നേരിട്ടെത്തി 14നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമ സമാധാന നില തകരാറിലാണെന്ന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി വിശദീകരണം തേടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ വരുമ്പോള്‍ പോലീസ് ഒരുക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ നദ്ദയ്‌ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഇത് പാലിക്കപ്പെട്ടില്ല. പോലീസ് നോക്കുകുത്തികളാവുന്നതാണ് അവിടെ കാണാനായത്. മമത സര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയാണിത്. മമത ബാനര്‍ജി ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മനുഷ്യാവകാശങ്ങള്‍ സംസ്ഥാനത്ത് നിരന്തരം ലംഘിക്കപ്പെടുകയാണെന്നും ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
ബംഗാളിന്റെ സംസ്‌കാരത്തിന് തന്നെ നാണേക്കേടാകുന്ന വിഷയമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. സംസ്ഥാനത്തെ ക്മസമാധാന നില പൂര്‍ണ്ണമായും തകര്‍ന്ന സ്ഥിതിയിലാണ്. മുഖ്യമന്ത്രി ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ ബിജെപി നേതാക്കളെ കാണാനെത്തിയപ്പോഴാണ് നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേ നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നദ്ദയൊടൊപ്പം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നു.
അതേസമയം മമതാ ബാനര്‍ജിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദല്‍ഹി ബംഗാളി മാര്‍ക്കറ്റില്‍ മമതയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: