കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ യുഡിഎഫില്‍ പോര് മുറുകുന്നു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ്സില്‍ സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനും മാധ്യമങ്ങളുമായി പങ്കുവച്ചത് പരസ്പരവിരുദ്ധ നിലപാടുകള്‍. ഘടകക്ഷികളിലൊന്നായ സിഎംപി നേതാവ് വെല്‍ഫെയര്‍ പാര്‍ട്ടിയെ അനുകൂലിച്ചതിനെ മുന്നണിയുടെ കണ്‍വീനറായ എം.എം. ഹസ്സന് തള്ളിക്കളഞ്ഞു.
യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചെന്നുമാണ് സി.പി. ജോണ്‍ പറഞ്ഞത്. മാന്യമായി ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വമെന്നാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ മുല്ലപ്പള്ളിയും എം.എം. ഹസ്സനുമായുള്ള തര്‍ക്കത്തില്‍ തനിക്ക് അഭിപ്രായമില്ല. കെ.സി. വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്നും ഇത് സിഎംപിയുടെ അഭിപ്രായമാണെന്നുമാണ് ജോണ്‍ പറഞ്ഞത്.
മസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ഇഎംഎസ് പോളിറ്റ് ബ്യൂറോക്ക് അയച്ച കത്തില്‍ എഴുതിവച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സ് കൃസ്ത്യന്‍ വര്ഗീയപ്പാര്ട്ടിയാണെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍, ജമഅത്തെ ഇസ്ലാമി വര്‍ഗീയമാണെന്ന് സിപിഎം പറഞ്ഞില്ല. ആ ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ്ണ പിന്തുണ സ്വീകരിച്ചത് എല്‍ഡിഎഫ് ആണ്. അത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണം. എന്ന് മുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മതമൗലികവാദികളായതെന്ന് സിപിഎം വ്യക്തമാക്കണമെന്നും സി.പി. ജോണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് എം.എം. ഹസ്സന് സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയുടെ കാര്യത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനും രണ്ടഭിപ്രായമില്ലെന്നും സി.പി. ജോണിന്റേത് അവരുടെ അഭിപ്രായമാണെന്നും ഹസ്സന് പറഞ്ഞു. സി.പി. ജോണ്‍ സിഎംപിയുടെ നേതാവാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. കെ.സി. വേണുഗോപാലും ഉമ്മന്‍ചാണ്ടിയും ഇതേ നിലപാടാണ് സ്വീകരിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉമ്മന്‍ചാണ്ടിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയാണോ സഖ്യമാണോയെന്ന ചോദ്യത്തില്‍ നിന്ന് എം.എം. ഹസ്സന് ഒഴിഞ്ഞ് മാറുകയും ചെയ്തു.
തുടര്‍ന്ന് മീറ്റ് ദി പ്രസില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത് താന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശീയ നയത്തിന്റെ ഭാഗമായിട്ടേ വിഷയത്തെ കാണാന്‍ സാധിക്കൂയെന്നുമാണ്. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസിനോട് മാത്രം എന്തിന് ചോദ്യം ഉന്നയിക്കുന്നുവെന്നും അഞ്ച് വര്‍ഷം മുമ്പ് ഇവരുമായി ചങ്ങാത്തമുണ്ടാക്കിയവരല്ലെ എല്‍ഡിഎഫ് എന്നായിരുന്നു വേണുഗോപാലിന്റെ മറുചോദ്യം. കൃത്യമായ നയം കോണ്‍ഗ്രസിന് ഇക്കാര്യത്തിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ഈ നയം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: