കൊല്ലം: മണ്ട്രോതുരുത്തിന് പിന്നാലെ രാഷ്ട്രീയ എതിരാളികളോടുള്ള പക തീര്‍ക്കാന്‍ ഉന്മൂലനസിദ്ധാന്തം പയറ്റി സിപിഎം മതിലിലും. പാര്ട്ടിക്കാര് ആസൂത്രിതമായി നടപ്പാക്കിയ അക്രമം തന്റെയും കുടുംബത്തിന്റെയും തലയില്‍ വച്ചുകെട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം വിമതയായി മതിലില്‍ ഡിവിഷനില്‍ മത്സരിച്ച ട്രീസാ ശ്രീകുമാര്‍ ആരോപിച്ചു.
ഭര്‍ത്താവ് ശ്രീകുമാര്‍ സിപിഎമ്മിന്റെ നേതാവായിരുന്നു. രണ്ടുതവണ തൃക്കടവൂര്‍ പഞ്ചായത്തംഗമായിരുന്നു. എല്‍സി മെംബറായും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ തെറ്റായ പോക്ക് ചൂണ്ടിക്കാട്ടിയതോടെ പിണറായി വിഭാഗം തന്നെ ഒറ്റപ്പെടുത്തി ഏതാണ്ട് പത്ത് വര്‍ഷമായി പുറത്തുനിര്ത്തിയിരിക്കുകയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് നിരവധിതവണ പരാതികള്‍ നല്‍കിയെങ്കിലും ശ്രീകുമാറിനെയും ഒപ്പമുള്ളവരെയും കേള്‍ക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.
2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വ്യക്തിയെ മത്സരിപ്പിച്ചു. ഇത് കടുത്ത നിരാശയാണ് പ്രവര്‍ത്തകരിലുണ്ടാക്കിയത്. പാര്‍ട്ടി അടിച്ചേല്പിച്ച ഈ തീരുമാനം ഇത്തവണയും ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ട്രീസ എഴുത്തുപെട്ടി ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിച്ചത്. വിമര്‍ശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്നവരെ കൈയൂക്കുകൊണ്ട് നേരിടുന്നതാണ് സിപിഎം അഞ്ചാലുംമൂട് ഏരിയാ നേതൃത്വത്തിന്റെ ശൈലിയെന്ന് ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വിമതയായി മത്സരിച്ചതിന്റെ പേരില്‍ വീട്ടിലെത്തി സിപിഎം സ്ഥാനാര്‍ഥിയുടെ പിതാവും നേതാക്കളും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം നടത്തി പഴി തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചെന്ന് ട്രീസ പറഞ്ഞു. തന്നെയും തന്നോട് ഒപ്പമുള്ളവരെയും കള്ളക്കേസുകളില്‍ കുടുക്കാനാണ് സിപിഎം നീക്കമെന്നും ഇതിനെ ചെറുക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: