പത്തനാപുരം: മകന്റെ കല്ലറയ്ക്ക് സമീപം സ്വയം ചിതയൊരുക്കി പിതാവ് ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂര്‍ അരിവിത്തറ ശ്രീശൈലത്തില്‍ രാഘവന് നായരാണ് (72) ഗുരുതരമായി പൊളളലേറ്റ് തിരുവനന്തപണ്ടുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു രാഘവന്‍നായര്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് പതിനഞ്ചുവര്‍ഷം മുമ്പ് ഏകമകന് ഹരികുമാറും അര്‍ബുദരോഗത്തെ തുടര്‍ന്ന് പത്തുവര്‍ഷം മുമ്പ് ഭാര്യ സുധയും മരണപ്പെട്ടിരുന്നു. പിന്നീട് തനിച്ചായിരുന്നു ഇദ്ദേഹം താമസിച്ചുവന്നത്.
ഒരുവര്‍ഷത്തിനിടെ സംഭവിച്ച മൂന്ന് സഹോദരിമാരുടെയും അനന്തരവന്റെയും മരണം രാഘവന്‍നായരെ മാനസികമായി കൂടുതല്‍ തളര്‍ത്തിയിരുന്നു. കൂടാതെ വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ രാഘവന്നായര്ക്കും ബ്രെയിന്‍ ട്യൂമറാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മകന്റെ സ്മൃതി കൂടീരത്തിന് സമീപം അദ്ദേഹം സ്വയം ചിതയൊരുക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. എണ്‍പത്തിയഞ്ച് ശതമാനം പൊളളലേറ്റ രാഘവന്‍നായര്‍ ഇന്നലെ രാവിലെ ഒമ്പതുമണിയോടെ മരണപ്പെടുകയായിരുന്നു. അരുവിത്തറ ഗ്രാമത്തിലെ സാമൂഹിക സംസ്കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളാണ് രാഘവന്‍നായര്‍ നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: