കൊച്ചി: ഇപ്പോള്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നവര്‍ ഓര്‍ക്കുക, ഇടനിലക്കാരാണ് കര്‍ഷകരെ തകര്‍ത്തത്. കേരളത്തിലെ കേരകര്‍ഷകരുടെ സുപ്രധാന വിപണിയായിരുന്ന ചേര്‍ത്തല കന്നിട്ട കൊപ്ര വിപണിയെ നാമാവശേഷമാക്കിയത് ഇടനിലക്കാരാണ്. അത്തരക്കാരെയാണ് ഇപ്പോള്‍ ഇടതു പക്ഷവും കോണ്‍ഗ്രസും ദല്‍ഹിയില്‍ പിന്തുണയ്‌ക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അച്ഛനും ചില കുടുംബാംഗങ്ങളും ഉള്‍പ്പെട്ട വിപണിയായിരുന്നു കന്നിട്ട കൊപ്രാ വിപണി. മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ വള്ളത്തിലും വാഹനങ്ങളിലും കൊപ്ര വലിയ തോതില്‍ കന്നിട്ടയില്‍ എത്തിച്ചിരുന്നു. ഈ കൊപ്രാ വിപണിയില്‍ പണമിറക്കിയിരുന്നതും ബിസിനസ് നടത്തിയിരുന്നതും ഗുജറാത്തി സേഠുമാരാണ്. ഇവരുടെ ഇടനിലക്കാര്‍ ചില നാട്ടുകാരും. വില അതീവരഹസ്യമായി നിശ്ചയിച്ച് പരസ്യമായി കൊപ്ര വില്‍ക്കുകന്നതായിരുന്നു വിപണിയുടെ പ്രത്യേകത. ഇതില്‍ ഇടനിലക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അവര്‍ മുതലാളിമാര്‍ക്കനുകൂലമായി കര്‍ഷകരെ ചൂഷണം ചെയ്തതും കേരകൃഷി ക്ഷയിച്ചതും കന്നിട്ട വിപണിയുടെ നാശത്തിന് കാരണങ്ങളായി.
കന്നിട്ടയിലെ ഇടനിലക്കാര്‍ സേഠുമാര്‍ക്ക് വിടുപണി ചെയ്ത് പണം നേടിക്കൊടുക്കുകയും പങ്കുപറ്റുകയുമായിരുന്നു പതിവ്. സേഠുമാര്‍ക്ക് പരമാവധി വിലകുറച്ച് കൊപ്ര സംഘടിപ്പിച്ചുകൊടുക്കും. ഇത്തരം ഏജന്റുമാരാണ് കര്‍ഷകരുടെ ഉല്‍പ്പന്നത്തിന് മൂല്യവും വിലയും നിശ്ചയിച്ചിരുന്നത്. കൊപ്ര എത്തിക്കുമ്പോള്‍ സാമ്പിളായി ‘ഗണപതി കൊപ്ര’ എന്ന പേരില്‍ ഇടനിലക്കാര്‍ ഒരു പങ്ക് കൈക്കലാക്കും. പരസ്യവില്‍പ്പനയെങ്കിലും വില നിര്‍ണ്ണയം രഹസ്യമായിരുന്നു. തുണികൊണ്ടു മറച്ച കൈവിരലുകളില്‍ പരസ്പരം സ്പര്‍ശിച്ച്, മറ്റൊരു കര്‍ഷകനറിയാതെ വില നിശ്ചയിക്കും. സ്പര്‍ശനത്തിലൂടെ ഒരാളോട് പറഞ്ഞ വില എത്രയെന്ന് മറ്റൊരാളും അറിയില്ല.
കൊപ്രക്ക് വില കൊടുക്കുന്നതിലും ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്തിരുന്നു. മൂന്നു നാലു ദിവസം കഴിഞ്ഞേ വില കൊടുക്കൂ. അതും പണത്തിനു പകരം ശീട്ട് (രസീത്) നല്‍കും. ഈ അവധി നീട്ടി നേടുന്നതിലും ഇടനിലക്കാര്‍ കമ്മീഷന്‍ പറ്റിയിരുന്നു. അവധിക്കാലത്തിന് മുമ്പ് അത്യാവശം പണം വേണ്ടവര്‍ക്ക് ‘ശീട്ട് പൊട്ടിക്കല്‍’ വഴി പണം നല്‍കിയിരുന്നു. ശീട്ട് ചന്തകളിലെ കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ അവര്‍ നൂറു രൂപ കുറച്ച് ഉടന്‍ പണം നല്‍കും. ഇങ്ങനെ കിട്ടുന്ന വിഹിതത്തില്‍ ഒരു പങ്കും ഇടനിലക്കാര്‍ കൈപ്പറ്റുമായിരുന്നു.
ഇത്തരത്തിലുള്ള ചൂഷണം കൂടിയതോടെ ഇടനിലക്കാരുടെ ആധിപത്യം ശക്തമായതോടെ കന്നിട്ടയില്‍നിന്ന് കേര കര്‍ഷകര്‍ അകന്നു. പിന്നെ പ്രാദേശികമായി കൊപ്ര സംഭരണവും കൊപ്രമില്ലുകളും വന്നു. ഇങ്ങനെ കര്‍ഷകരെ നശിപ്പിച്ച സംവിധാനത്തെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: