കോഴിക്കോട്: സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണെന്ന് രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. യാതൊരു മാനദണ്ഡവും പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കലിന് ടെന്‍ഡര്‍ നല്‍കുകയാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നുണ്ടെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തയ്യാറാണോയെന്ന് കെ. സുരേന്ദ്രന് ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണ വിധേയരായി നില്ക്കുമ്പോള് സ്പീക്കര്‍ക്കെതിരെ ആരോപണമുന്നയിക്കേണ്ട കാര്യമുണ്ടോ? എന്നാല്‍ സ്പീക്കര്‍ നിയമസഭയുടെ പവിത്രതയ്ക്ക് കളങ്കമായി മാറി. അദ്ദേഹം ജാഗ്രത കാണിച്ചില്ല. സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ ശ്രീരാമകൃഷ്ണന് തയ്യാറാകുമോയെന്ന് സുരേന്ദ്രന് ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപുമായി സ്പീക്കര്‍ക്ക് ബന്ധമെന്താണ്? ഇത്രയും ഗുരുതരമായ കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് നല്ല ബന്ധമാണെന്ന് സുരേന്ദ്രന് ആരോപിച്ചു. അന്വേഷണത്തില്‍ അത് പുറത്തുവരും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം സി.എം രവീന്ദ്രന്റെ അസുഖം എന്താണെന്ന് മനസിലാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. പ്രധാനപ്പെട്ട കേസില്‍ ആരോഗ്യവകുപ്പ് വഴിമുടക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും അനുമതിയോടെയാണ് കേസ് അന്വേഷണം തടസപ്പെടുത്തുന്നത്. രണ്ട് ഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ശക്തമായ അഴിമതി വിരുദ്ധ വികാരം പ്രകടമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ഇത്തവണത്തെ ശക്തമായ പോളിങ് സര്‍ക്കാരിനെതിരായ ജനരോഷമാണ്. മലബാറിലും എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തും. യുഡിഎഫില്‍ കോണ്‍ഗ്രസ് തകരുകയും ലീഗും ജമാഅത്തെ ഇസ്ലാമിയും മാത്രം നേട്ടമുണ്ടാക്കുകയും ചെയ്യും. വര്‍ഗീയ ശക്തികളുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം ശക്തമാണ്. യുഡിഎഫിന് അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മിക അവകാശമില്ല. യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണം തട്ടിപ്പാണ്.
ശബരിമലയില്‍ ഇനി യുവതീ പ്രവേശനം നടത്താനുള്ള സര്‍ക്കാരിന്റെ കളി നടക്കില്ല. റിവ്യൂ ഹര്‍ജി പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം ഭക്തരുടെ വിജയമാണ്. ഈ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു ആത്മാര്‍ത്ഥതയുമില്ല. നിയമനിര്‍മ്മാണം നടത്തുമെന്ന അവരുടെ പ്രഖ്യാപനം തട്ടിപ്പാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ സജീവന്, ജനറല്‍ സെക്രട്ടറി ടി.ബാലസോമന്‍, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ്കിഷ്, ജില്ലാ ട്രെഷറര്‍ വി.കെ ജയന്, മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് മുത്താമ്പി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: