ന്യൂദല്‍ഹി: കര്‍ഷക നിയമത്തിലൂടെ ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍. കര്‍ഷക ഭൂമി പാട്ടത്തിന് നല്‍കണമെന്നു പറയുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ല. മാത്രമല്ല വ്യവസായികള്‍ കര്‍ഷകരുടെ ഭൂമി കൈയടക്കുമെന്നാണ് പ്രചാരണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലും പഞ്ചാബിലും കര്‍ണാടകത്തിലും വളരെക്കാലമായി നിലവിലുള്ളതാണ് കരാര്‍ കൃഷി. അവിടെങ്ങും വ്യവസായികള്‍ ഭൂമി കൈയടക്കിയതായി പരാതിയില്ല, വാര്‍ത്താ സമ്മേളനത്തില്‍ തോമര്‍ പറഞ്ഞു.
കൃഷി സംസ്ഥാന വിഷയമായതിനാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് ചില കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അധികാരമുണ്ട്. താങ്ങുവില നിശ്ചയിക്കാനും കാര്‍ഷികോല്‍പ്പന്ന വിപണന സമതി വിപണികള്‍ക്ക് നിയമം കൊണ്ടുവരാനും എല്ലാം കേന്ദ്രത്തിന് അധികാരമുണ്ട്.
മണ്ഡികളെന്ന ചങ്ങലയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മണ്ഡികള്‍ക്കു പുറത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വില്ക്കാന് അവസരം നല്‍കുന്നതാണ് പുതിയ നിയമം, കേന്ദ്ര മന്ത്രി പറഞ്ഞു.കൃഷി സ്ഥലത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്ക്കാരിക്കാനും വ്യവസായം സ്ഥാപിക്കാനും ആരെങ്കിലുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ കാലാവധി കഴിയുമ്പോള്‍ വ്യവസായി ആ സ്ഥാപനം പൊളിച്ചു നീക്കണം, തോമര്‍ പറഞ്ഞു.
സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയത് മോദി സര്‍ക്കാര്‍
കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത് 2006ലാണ്. വിളകളുടെ ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നല്‍കണമെന്നായിരുന്നു ശുപാര്‍ശ. 2006 മുതല്‍ ഫയലില്‍ കിടക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കിയതും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കിയതും മോദി സര്‍ക്കാരാണ്. കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ട്രെയിന്‍ തടയുമെന്ന് കര്‍ഷകര്‍
പുതിയ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കര്‍ഷക സംഘടനാ നേതാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: