തൃശൂര്‍: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ഭംഗിയായി അവസാനിച്ചതില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് ചെറുതല്ല. കോവിഡ് ബാധിതരെ വോട്ട് ചെയ്യിക്കുന്നതു മുതല്‍ ബൂത്തുകളില്‍ ഉണ്ടായേക്കാവുന്ന ആള്‍ക്കൂട്ടം വരെ ഒട്ടേറെ ആശങ്കകളുമായാണ് നിയോഗിക്കപ്പെട്ട ഓരോ ഉദ്യോഗസ്ഥരും ഇന്നലെ ബൂത്തുകളിലെത്തിയത്. എന്നാല്‍, ഇത്തവണത്തെ ഡ്യൂട്ടിയുടെ ‘ത്രില്‍’ ഒന്നു വേറെയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അവസാനത്തെ വോട്ടറും ഇറങ്ങും വരെ ചങ്കിടിപ്പേറിയ തെരഞ്ഞെടുപ്പ്.
’15 മിനിറ്റ് നേരം പിപിഇ കിറ്റ് ധരിക്കേണ്ടി വന്നപ്പോഴാണു മാസങ്ങളായി ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലായത്’ കോവിഡ് ബാധിതര്‍ വോട്ട് ചെയ്യാനെത്തിയ കിഴക്കുംപാട്ടുകര നിര്‍മ്മല മാതാ സ്കൂള്‍ പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും കോവിഡ് കാലത്തെ ചരിത്രമാകാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
6 മണിക്കു ശേഷം മറ്റ് വോട്ടര്‍മാര്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിപിഇ കിറ്റ് ധരിച്ചത്. പിന്നീടു ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വോട്ടര്‍മാരെ അകത്തു പ്രവേശിപ്പിച്ചു. ഇതിനു ശേഷം കൊറോണ രോഗികളെ പ്രവേശിപ്പിച്ചു. പരമാവധി 15 മിനിറ്റിനുള്ളില്‍ അവര്‍ വോട്ട് ചെയ്തു മടങ്ങി. മനസില്‍ പേടിയുണ്ടെങ്കിലും ധൈര്യം സംഭരിച്ചാണ് ജോലി തീര്‍ത്തതെന്നും ഇവര്‍ പറയുന്നു. കൊറോണ രോഗികളും നിരീക്ഷണത്തിലിരിക്കുന്നവരും വോട്ടുചെയ്യാനെത്തിയ കോര്‍പ്പറേഷനിലെ പോളിങ് ബൂത്തുകളില്‍ പിപിഇ കിറ്റ് മാറാനും സുരക്ഷിതമായി നിക്ഷേപിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
അതേസമയം ചിലയിടങ്ങളില്‍ പിപിഇ കിറ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ചിലര്‍ക്ക് മാസ്കും സാനിറ്റൈസറും ഒരു ജോഡി ഗ്ലൗസും ഫെയ്സ് ഷീല്‍ഡും മാത്രമാണ് നല്‍കിയത്. പിപിഇ കിറ്റ് വേണ്ടതാണെങ്കിലും അതു ലഭിക്കാത്ത സാഹചര്യത്തില്‍ ഏല്‍പ്പിച്ച ജോലി ധൈര്യമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പല ഉദ്യോഗസ്ഥരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: