മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം കൊട്ടാരത്തിന്റെ പരദേവതയായ മധുര മീനാക്ഷിയാണ്. ദേവിക്ക് മാതൃസ്ഥാനമെന്ന ഭാവമാണ് നല്‍കിയിട്ടുള്ളത്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നതിനാല്‍ മാളികപ്പുറത്തമ്മ എന്ന് പേരു ലഭിച്ചു. മാളികപ്പുറത്തെ ത്രിശൂലത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇച്ഛാശക്തി, ജ്ഞാനശക്തി, കര്‍മശക്തി എന്നിവയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഭക്തന്മാര്‍ ഇത് വണങ്ങിയാണ് കടന്നു പോകുന്നത്.
സന്നിധാനത്ത് പതിനെട്ടാംപടി കയറുന്നതിന് മുന്‍പ് തേങ്ങ ഉടയ്‌ക്കുകയാണെങ്കില്‍ മാളികപ്പുറത്ത് തേങ്ങ നടയ്‌ക്ക് ചുറ്റും ഉരുട്ടുകയാണ് പതിവ്. സന്താനലബ്ധിക്കായാണ് ഇങ്ങനെ ചെയ്യുന്നത്. ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാട്. നാളികേരം ഉരുട്ടല്‍, പൊട്ട്, ചാന്ത്, പട്ടുടയാട, വള കണ്‍മഷി എന്നിവയുമുണ്ട്. ശനിദോഷ പരിഹാരത്തിനായി പറകൊട്ടിപ്പാട്ട് എന്ന വഴിപാടും ഇവിടെ നടത്തുന്നു.
പതിനെട്ടാം പടിക്കു മുകളില്‍ കുടികൊള്ളുന്ന ശ്രീധര്‍മശാസ്താവിനെ കാണാന്‍ അയ്യപ്പസ്വാമി നടത്തുന്ന എഴുന്നള്ളത്താണ് വിളക്കെഴുന്നള്ളത്ത്. പാരമ്പര്യമായി റാന്നി കുന്നക്കാട് കുടുംബത്തിലെ അംഗങ്ങള്‍ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയില്‍ നിന്ന് ഉണര്‍ത്തിയ ശേഷം മണിമണ്ഡപത്തില്‍ കളമെഴുതുകയും തുടര്‍ന്ന് വിളക്കെഴുന്നള്ളിപ്പു നടത്തി പതിനെട്ടാംപടിയില്‍ നായാട്ടു വിളിക്കുന്നു.
തിരിച്ച് മണിമണ്ഡപത്തിലേക്ക് അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ച് പൂജകള്‍ക്കു ശേഷം കളം മായ്‌ക്കുകയും ചെയ്യുന്നു. മകരം ഒന്നു മുതല്‍ അഞ്ചുവരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരയ്‌ക്കുന്നത്. ബാലകന്‍, പുലിവാഹനന്‍, അമ്പും വില്ലും ധരിച്ച വില്ലാളി വീരന്‍, സര്‍വാഭരണ വിഭൂഷിതന്‍, ശാസ്താവില്‍ വിലയം പ്രാപിച്ച ചിന്മുദ്രാങ്കിതനായ സമാധിസ്ഥന്‍ എന്നിവയാണവ.
മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്കെന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.
പന്തളം കൊട്ടാരത്തില്‍ നിന്നും കാല്‍നടയായി ശിരസ്സിലേറ്റി എഴുന്നള്ളിക്കുന്ന തിരുവാഭരണ പേടകങ്ങളില്‍ ധീരയോദ്ധാ ഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പന്‍മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും അധികാര ചിഹ്നങ്ങളായ തലപ്പാറ മല, ഉടുമ്പാറമല എന്നിവയുടെ കൊടികളുടെയും അകമ്പടിയോടുകൂടിയാണ് വിളക്കെഴുന്നള്ളത്ത് നടക്കുന്നത്.
മകരം അഞ്ചിന് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചെഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവം മകരം ഒന്നു മുതലായിരുന്നു. അതിനെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി സന്നിധാനത്തു നിന്നും മലദൈവങ്ങള്‍, ഭൂതനാഥനായ ഭഗവാന്റെ ഭൂതഗണങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും മലദൈവങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും ശരം കുത്തിയിലേക്ക് ഒഴിഞ്ഞു നില്‍ക്കും. ഇവരെ തിരിച്ചു ക്ഷണിച്ചു കൊണ്ടു വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂര്‍വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാല്‍ വാദ്യഘോഷങ്ങള്‍ എന്നിവ ഒഴിവാക്കുന്നു. ഇതിന് പിറ്റേന്ന് മണിമണ്ഡപത്തിനു മുമ്പില്‍ ചൈതന്യശുദ്ധിക്കായി ഗുരുതി നടത്തുന്നു.
അയ്യപ്പന്റെ മണിമണ്ഡപത്തില്‍ നിന്നുള്ളവിളക്ക് എഴുന്നള്ളത്ത് മാളികപ്പുറത്തു നിന്ന് ആയതുകൊണ്ട് ഇത് ആദ്യം മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ടു നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികള്‍ക്കു നല്‍കുന്ന സദ്യ ‘കളഭസദ്യ’ക എന്നാണ് അറിയപ്പെടുന്നത്. ഇത് നടക്കാതെ പോയ ‘കല്യാണ സദ്യ’യായും തെറ്റിദ്ധരിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക