തൃശൂര്‍: വോട്ടെടുപ്പ് തുടങ്ങും മുമ്പേ മന്ത്രി എ സി മൊയ്തീനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിച്ചുവെന്ന പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് തേടി. കളക്ടറോടും റിട്ടേണിംഗ് ഓഫിസറോടുമാണ് റിപ്പോര്‍ട്ട് തേടിയത്. എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു.
വടക്കാഞ്ചേരിയിലെ ബൂത്തില്‍ നടന്ന സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. മന്ത്രി എ സി മൊയ്തീന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പോളിംഗ് ബൂത്തിലെത്തിയിരുന്നു. പോളിംഗിന് സജ്ജരായിരുന്ന ഉദ്യോഗസ്ഥര്‍ മന്ത്രിയെ രാവിലെ 6.56ന് വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് പരാതി.
ഏഴിനായിരുന്നു ഔദ്യോഗികമായി പോളിംഗ് തുടങ്ങേണ്ടത്. എന്നാല്‍ ഈ സമയം പോളിംഗ് ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നില്ലെങ്കിലും ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് അനില്‍ അക്കര എംഎല്‍എ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: