ന്യൂദല്‍ഹി: എന്‍സിപി അധ്യക്ഷ്യന്‍ ശരദ് പവാര്‍ യുപിഎ അധ്യക്ഷന്‍ ആയേക്കുമെന്ന് സൂചന നല്‍കി പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം പവാറിനായി മാറിക്കൊടുക്കുമെന്നും സോണിയ രാഷ്‌ട്രീയ വരമിക്കലിന് തയാറെടുക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിന് അനുകൂലമായി യുപിഎയിലെ ഘടക കക്ഷികള്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നുവെന്നാണ് മഹാരാഷ്‌ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിലെ തന്റെ നേതൃത്വത്തിന് നേരെ മുന്‍ നിര നേതാക്കള്‍ തന്നെ കലാപക്കൊടി വീശിയിരിക്കുന്ന സാഹചര്യത്തിലീണ് സോണിയയുടെ പടിയിറക്ക അഭ്യൂഹങ്ങള്‍. കോണ്‍ഗ്രസിന്റെ നേതൃത്വം ബിജെപിക്കെതിരെ പ്രായോഗികമല്ലായെന്ന് മുന്നണിയിലെ ഒരു വിഭാഗവും അഭിപ്രായപ്പെട്ടു കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ മറപറ്റി നില്‍ക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ്സിനിപ്പോള്‍ ഉള്ളത്. ഇത്തരം ഒരു സാഹര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പടിയിറക്കം സൂചിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തെരെഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ കബില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയതോടെ നെഹ്രു കുടുംബത്തിന്റെ നേതൃത്വം പാര്‍ട്ടിയിലും മുന്നണിയിലും ചോദ്യംചെയ്യപ്പെടുകയായിരുന്നു.
















