വാഷിങ്ടണ്‍: ചൊവ്വാ ദൗത്യത്തിനു വേണ്ടി സ്പേസ് എക്സ് വികസിപ്പിക്കുന്ന മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വേളയില്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ടെക്സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണ ശേഷം തിരിച്ചിറങ്ങുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നത്. 216 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് സ്റ്റാര്‍ഷിപ്പ് നിര്‍മിച്ചത്.
അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ്. വിക്ഷേപണ തറയില്‍ നിന്ന് എട്ട് മൈല്‍ ഉയരത്തില്‍ പറന്ന റോക്കറ്റ് തിരിച്ചിറങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യുമ്പോഴുള്ള വേഗത കൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നും പരീക്ഷണം വിജയകരമാണ് എന്നും സ്പേസ് എക്സ് വ്യക്തമാക്കി. ‘
വിക്ഷേപണം, ഫ്ളൈറ്റിന്റെ സ്ഥാനമാറ്റം, അതിന്റെ കൃത്യമായ ലാന്‍ഡിങ് പാത എന്നിവയെകുറിച്ച് സ്പേസ് എക്സ് സ്ഥാപകന്‍ എലോണ്‍ മസ്ക് ട്വിറ്ററില്‍ വിവരിച്ചു. ‘ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങള്‍ സ്പേസ് എക്സ് ടീം’, അദ്ദേഹം ട്വീറ്റ് ചെയ്തു.
മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണിത്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: