കൊച്ചി: കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് എന്ഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്. അഭിഭാഷകന് മുഖേന അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് തനിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ട്. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ ഉണ്ടെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും എന്‍ഫോഴ്സ്മെന്റിന് അയച്ച ഇ- മെയില്‍ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു രവീന്ദ്രന് നല്കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇത് മൂന്നാം തവണയാണ് രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കുന്നത്. ഇതിന് മുമ്പ് രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊറോണ ബാധിതന് ആണെന്നും തുടര്‍ ചികിത്സകളിലാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇത്തവണയും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് കിട്ടിയതിന് ശേഷം സി.എം. രവീന്ദ്രന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. അതുകൊണ്ടുതന്നെ രവീന്ദ്രന്റെ കത്തില്‍ അന്വേഷണ സംഘം എന്ത് തീരുമാനമാകും എടുക്കുക എന്ന് വ്യക്തമല്ല. രവീന്ദ്രന് കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം രവീന്ദ്രന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറിയതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അനാവശ്യമായി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് പാര്‍ട്ടിക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: