കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചു. എന്ന്, എങ്ങനെ വേണമെന്ന് ഉടന്‍ തീരുമാനിക്കും. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.
രവീന്ദ്രന് ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആശുപത്രിയില്‍ത്തന്നെ തുടരും. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഇ ഡിയില്‍ നിന്ന് സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തുന്നത്. അഴിമതി പുറത്തുവരാതിരിക്കാനാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അന്വേഷണ എജന്‍സിയുടെ ‘കൈയില്‍ പെടാതെ’ സംരക്ഷിക്കാനാണ് നീക്കം.
പാര്‍ട്ടിനിര്‍ദ്ദേശം രവീന്ദ്രന് തള്ളിയത് മുഖ്യമന്ത്രിയുടെ ബലത്തിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യുഎഇ കോണ്‍സുലേറ്റുമായും പ്രതി സ്വപ്നയുമായും ബന്ധമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്, രവീന്ദ്രനെ പിന്തുണച്ച് ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. ഇത് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതയാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നീരീക്ഷകരും വിലയിരുത്തുന്നു. രവീന്ദ്രന് സത്യസന്ധനാണ്, മൂന്നല്ല മുപ്പതു തവണ നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ എന്തു ചെയ്യും എന്നൊക്കെയാണ് കടകംപള്ളി പറഞ്ഞത്. സി.എം. രവീന്ദ്രന് മൂന്നാം തവണയാണ് ഇഡിയുടെ സമന്‍സിനോടും ആവശ്യത്തോടും നിസ്സഹകരിക്കുന്നത്.
നാല് നടപടികള്‍ ഇ ഡിക്ക് സ്വീകരിക്കാം. ഒന്ന്, രവീന്ദ്രന്റെ രോഗവും ചികിത്സയും സംബന്ധിച്ച് പരിശോധന നടത്തണമെന്ന് കോടതിയോടാവശ്യപ്പെട്ടാല്‍ കോടതി വിദഗ്ധ സംഘത്തെ നിയോഗിക്കും. പക്ഷേ, ആരോഗ്യപ്രശ്നമായതിനാല്‍ അക്കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് ഇ ഡിയുടെ പക്ഷം. രണ്ട്, രവീന്ദ്രനെതിരെ തെരച്ചില്‍ വാറണ്ട് നേടി റെയ്ഡ് നടത്താം. മൂന്ന്: രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധം വ്യക്തമാണെന്ന് ബോധ്യപ്പെട്ട് രവീന്ദ്രനെ അറസ്റ്റു ചെയ്യാം. നാല്: അറസ്റ്റിനൊപ്പം രവീന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. തുടര്‍നടപടിക്ക് ഏജന്‍സി ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശം കാക്കുകയാണ്. രാഷ്ട്രീയ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടകൊടുക്കാതുള്ള നടപടിക്കാണ് ഏജന്‍സിയും ശ്രദ്ധിക്കുന്നത്.
ശിവശങ്കറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നും പറഞ്ഞ് സിപിഎമ്മിനും നേതൃത്വത്തിനും രക്ഷപ്പെടാമായിരുന്നു. എന്നാല്‍ രവീന്ദ്രന് പാര്‍ട്ടിക്വാട്ടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയ ആളായതിനാല്‍ സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാവില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍, പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് രവീന്ദ്രന് വീണ്ടും ആശുപത്രിയിലായതെന്നാണ് സൂചന.
രവീന്ദ്രനെ ചോദ്യംചെയ്താല്‍ തൊട്ടടുത്ത ദിവസം കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ കേസില്‍ പ്രതിചേര്‍ക്കുകയോ പേരു പറയുകയോ ചെയ്യാത്ത സുപ്രധാന വ്യക്തികളുടെ പേര് പുറത്തുവരും. രവീന്ദ്രനില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് അറിയേണ്ടത് സ്വര്‍ണക്കടത്ത്-അനുബന്ധ ഇടപാടുകളില്‍ മൂന്നു പേര്‍ക്കുള്ള പങ്കാണ്. സര്‍ക്കാര്‍ ഇടപാടുകളില്‍ ഊരാളുങ്കല്‍ കമ്പനിക്കുവേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തവരില്‍ ഈ മൂന്നുപേരുടെ ഇടപെടലും അറിയാനുണ്ട്. ഇക്കാരണത്താല്‍ രവീന്ദ്രന്, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു കഴിയുംവരെ ചോദ്യംചെയ്യപ്പെടരുതെന്ന് ചില തല്പരകക്ഷികള്ക്ക് നിര്‍ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: