അമരാവതി: ആന്ധ്രപ്രദേശിലെ എലൂരു നഗരത്തില്‍ വ്യാപകമായി പടര്‍ന്ന അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലെഡും നിക്കലുമാണെന്ന് റിപ്പോര്‍ട്ട്. എയിംസിലെ വിദഗ്ധ സംഘം മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് വിവരം. ഇതുവരെ 400ല്‍ അധികം പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ഇതില്‍ അമ്പതോളം പേര് കുട്ടികളാണ്. ഇതിനിടെ 45കാരന് മരിച്ചതും ഭീതി പടര്‍ത്തിയിരുന്നു. തുടര്‍ന്ന് വിവിധ ലാബുകള്‍ വലിയ തോതില്‍ പരിശോധനകള്‍ നടത്തി. എയിംസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എലൂരുവില്‍ മാത്രം എങ്ങനെ പാലിലും കുടിവെള്ളത്തിലും കെമിക്കല്‍ അംശങ്ങള്‍ കലര്‍ന്നെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. എന്നാല്‍, അസുഖം ബാധിച്ച വീട്ടിലെ എല്ലാവര്ക്കും രോഗ ബാധയുണ്ടാകാത്തതും നിരീക്ഷിക്കുന്നുണ്ട്.
കുടിവെള്ളത്തില്‍ കെമിക്കല്‍ അംശങ്ങള്‍ അടങ്ങിയിരുന്നെങ്കില്‍ വീട്ടിലെ എല്ലാവര്ക്കും ആരോഗ്യ പ്രശ്നം ഉണ്ടാകുമായിരുന്നെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എലൂരുവിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: