നിതീഷ് കുമാര്‍ കെ.പി (ഗവേഷകന്, ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്,ദിണ്ടിഗല്‍)
ഓരോ ഗോത്രവിഭാഗങ്ങളും തനതു രീതിയില്‍ നിലകൊണ്ട് സമൂങ്ങളായിരുന്നു. സ്വന്തമായ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തനിമ വച്ചുപുലര്‍ത്തിയിരുന്നു. ഭരണപരമായ വ്യവസ്ഥകളും ഗോത്രത്തെ സംരക്ഷിക്കാനും ക്ഷേമത്തിനുമുള്ള വ്യവസ്ഥിതികള്‍ നിലനിര്‍ത്തിയിരുന്നു. പ്രകൃതിയില്‍ നിന്നും നിലനില്‍പ്പിനുവേണ്ടത് മാത്രം ശേഖരി ക്കുകയും അവയുടെ പങ്കുവയ്ക്കലിലൂടെ ജനാധിപതൃമൂല്യം വളര്‍ത്തുകയും ചെയ്ത സമൂഹം. വിശാലമായ വനമേഖലയില്‍ സ്വതന്ത്രമായി സഹവര്‍ത്തിത്വത്തോടെ ഈ ജനത വളര്‍ന്നുവന്നു. ഇവരുടെമേല്‍ നാടുവാഴിത്തത്തിലൂന്നിയ ജന്മിത്വവ്യവസ്ഥ കടന്നുവരികയും അവരുടെ ചലനശേഷി നഷ്ടപ്പെടുത്തുകയും ചെയ്തു. ജാതിവ്യവസ്ഥയിലൂന്നിയ ജന്മിത്തം അടിച്ചേല്‍പ്പിച്ച മേധാവിത്തം ഈ വിഭാഗങ്ങളുടെ വിഭവങ്ങളുടെ ഉന്മൂലനത്തിന് പ്രധാന കാരണമായി. ഗോത്രജനതയുടെ വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നു കയറുകയും സാംസ്കാരിക സഹവര്‍ത്തിത്വം എന്ന പ്രക്രിയയിലൂടെ ഇവരുമായി ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
അനേകം തലമുറകള്‍ വിധേയത്വത്തിലൂടെ വളര്‍ന്നു വരികയായിരുന്നു. പിന്നീട് ഉയര്‍ന്ന് വന്ന പൗരസമൂഹം അല്ലെങ്കില്‍ രാഷ്ട്രീയ സമൂഹം അഥവാ ഭരണകൂടം വ്യത്യസ്തമായ ഒരു ഭരണസംവിധാനത്തിലേക്ക് ഗോത്രസമൂഹത്തെ നയിച്ചു. പ്രകൃതിയുമായി ഇണങ്ങി പ്രാകൃതാവസ്ഥയില്‍ കഴിഞ്ഞ മനുഷ്യരുടെ സമൂഹത്തില്‍നിന്ന് വൃത്യസ്തമായ ആധുനിക ഭരണസംവിധാനവും സാമൂഹ്യചട്ടങ്ങളും മറ്റും നിലവില്‍ വരുകയും അതേറ്റെടുക്കേണ്ടി വരികയും ചെയ്തു ഗോത്രവിഭാഗങ്ങള്‍ക്ക്. എന്നിരുന്നാലും അവരുടെ തനത് ഭരണരീതി ഇന്നും നിലനിര്‍ത്താന്‍ അവര്‍ക്കായി. ഇവ ഒരു സാമാന്യ സമ്മതത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍ ആത്യന്തികമായി അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ നില നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സമൂഹം രൂപപ്പെട്ടു. ഗോത്രജനതയുടെ നിലനില്‍പ്പിനാധാരം നേതൃശക്തി, പ്രേരണാശക്തിയും പൊതുസമ്മതവുമാണ്. ഗോത്രസമൂഹങ്ങളുടെ തനത് ഭരണസംവിധാനങ്ങളെ മറികടന്ന് പുതിയ ജനാധിപത്യ വ്യവസ്ഥയിലേക്ക് കൊണ്ടുവന്നപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ആ തനതായ വ്യവസ്ഥിതിയും മൂല്യങ്ങളുമാണ്.
ഭരണഘടനയുടെ അനുച്ഛേദങ്ങളെക്കുറിച്ചോ പഞ്ചായത്തീരാജ് നിയമങ്ങളെകുറിച്ചോ കാര്യമായ അവബോധമില്ലാത്ത ഈ സമൂഹങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യത്തിലൂടെ മാത്രമാണ് ഭരണപ്രകിയയില് ഭാഗമാകാന്‍ കഴിയുന്നത്. ഇതിന് തെളിവാണ് നാളിതുവരെയായും സംവരണമില്ലാത്തൊരിടത്തുനിന്ന് ഒരു ആദിവാസിപോലും ജയിച്ച് ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല എന്നത്. ഇത് രാഷ്ട്രീയ കക്ഷികളുടെ മാത്രം പ്രശ്നമല്ല. നമ്മുടെ ജനതയുടെ പൊതുവികാരമാണ്. നമ്മുടെ നാട് പൂര്‍ണ്ണമായും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണ്. ജാതിയും മതവും വര്ഗ്ഗവുമെല്ലാമാണ് അതിന്റെ സൂത്രവാക്യങ്ങള്‍. മൊത്തം ജനസംഖ്യയുടെ കേവലം 1.45 ശതമാനം മാത്രം വരുന്ന ഗോത്രവിഭാഗങ്ങള്‍ ഇവിടെ ഒരു നിര്‍ണ്ണായക ശക്തി അല്ല. കേരളത്തിലെ ഏറ്റവും ആദിവാസി ജനസംഖ്യയുള്ള വയനാട്ടില്‍പോലും സ്വതന്ത്രമായി മത്സരിച്ച് ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. സംവരണത്തിന്റെ ആനുകൂല്യത്തിലൂടെ മാത്രമേ ഒരു ആദിവാസിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍കൂടി ആകാന്‍ കഴിയുകയുള്ളൂ. അധികാരത്തിലെത്തുന്ന ഒരു ആദിവാസി എപ്പോഴും പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ പഞ്ചായത്തിലെ പ്രമാണിമാരുടെയോ നിയന്ത്രണത്തിലായിരിക്കും. അവരുടെ താളത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായി മാറിപ്പോകുന്നു ചിലര്‍. ഇത്തരത്തില്‍ ആദിവാസി സമൂഹങ്ങളെ അകറ്റി നിര്‍ത്തുന്നത് അവര്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല.
സമൂഹം അവരില്‍ ചെലുത്തുന്നത് സമ്മര്‍ദ്ദമാണ്. കേരളത്തിലെ പഞ്ചായത്തുകള്‍ ഫണ്ട് തിരിമറികളുടെ സര്‍വ്വകലാശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. വികസനപ്രവര്‍ത്തനത്തിന് ചെലവഴിക്കുന്ന ഫണ്ടിന്റെ അന്‍പത് ശതമാനംപോലും വിനിയോഗിക്കാതെ പണി പൂര്‍ത്തിയാക്കുന്നു. ഈയിടെ ഒരു കോളനി റോഡ് ഇരുപത് മീറ്റര്‍ സിമന്റ് ഇടാന്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു. ആ കോളനിയിലെ ആദിവാസികള്‍ സ്വന്തമായി ആ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ കേവലം മുപ്പതിനായിരം രൂപയ്ക്ക് ഈ പണി പൂര്‍ത്തിയായേനെ. ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്ന ഇത്തരം അഴിമതികളുടെ ക്രേന്ദ്രങ്ങളായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാറുകയാണ്.
ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ സംവരണവാര്‍ഡുകള്‍ കണ്ടെത്തുന്നത് നറുക്കെടുപ്പിലൂടെയാണ്. ഇത്തവണ എന്റെ പഞ്ചായത്തില്‍ സംവരണവാര്‍ഡായി കിട്ടിയത് ഒരു ആദിവാസി വോട്ടര്‍പോലും ഇല്ലാത്ത വാര്‍ഡാണ്. അതിനാല്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്യുകയായിരുന്നു രാഷ്ട്രീയ പാര്ട്ടിക്കാര്. വ്യക്തിപരമായി നടത്തിയ അന്വേഷണത്തില്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് ഇവരില്‍ തൃപ്തിയില്ല എന്നതാണ് മനസ്സിലായത്. വേറെ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടാണ് ഈ ഭാരം ഞങ്ങള്‍ താങ്ങുന്നത് എന്ന നിലപാടിലാണ് അവര്‍. കഴിഞ്ഞവര്‍ഷം പട്ടികവര്‍ഗ്ഗ വനിതാസംവരണ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ ഒരു നേതാവ് ഇങ്ങനെ പറയുകയുണ്ടായി. ”ഇത്തവണ എസ്.ടി. വനിതയാണ് പ്രസിഡന്റ്, നമുക്ക് ഒരാളെക്കൂടി സഹായിക്കാന്‍ നിര്‍ത്തണം.
അവര്‍ക്ക് ഭരിക്കാനൊന്നും അറിയില്ല!” ഇത്തരത്തിലുള്ള ഒരു ബോധമാണ് നമ്മുടെ ഇടയിലുള്ളത്. ആദിവാസികളുടെ ഇടയിലും താഴെത്തട്ടില്‍ നില്ക്കുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങള്‍ക്കും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. തുറന്ന മനസ്സോടെ കഴിവുള്ളവരെ കണ്ടെത്തി സംവരണമില്ലാത്ത മേഖലയില്പോലും ആദിവാസി സമൂഹത്തെ മത്സരിപ്പിച്ച് മുന്നേറാന്‍ കേരളസമൂഹത്തിന് എന്നു കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: