തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ പോലും പേരില്ല എന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്നിരിക്കാനിടയുള്ള വ്യാപകമായ ക്രമക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ കമ്മീഷണറുടെ പേരാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്ത കമ്മീഷണര്‍ക്കുതന്നെ ഇങ്ങനെയൊരു ഗതി വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സിപിഎം സ്വന്തം സ്വാധീന മേഖലകള്‍ക്കനുസരിച്ച് ബൂത്തുകള്‍ പുനര്‍നിര്‍ണയം നടത്തി എന്ന ആക്ഷേപവും ശക്തമാണ്. കൂടുതല്‍ വോട്ടര്‍മാരുള്ള മേല്‍വിലാസം ആവര്‍ത്തിച്ച് അതിനു കീഴില്‍ വ്യാജപ്പേരുകള്‍ എഴുതിച്ചേര്‍ത്ത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. വോട്ടര്‍പ്പട്ടികയില്‍ മേല്‍വിലാസവും വീട്ടു നമ്പരുകളും തെറ്റിവന്നിരിക്കുന്നതിനാല്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാണ്. ഇത്തരം ക്രമക്കേടുകള്‍ക്ക് മകുടം ചാര്‍ത്തുന്നതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പോലും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമായിരിക്കുന്നത്.
സത്യസന്ധമായി ജനവിധി തേടുകയെന്നത് സിപിഎമ്മിന്റെ പാരമ്പര്യമല്ല. പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴൊക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും പാര്‍ട്ടി ചിഹ്നമായ താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നമായി നല്കി നിരവധി അപരന്മാരെ രംഗത്തിറക്കുകയുണ്ടായി. സിപിഎമ്മുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിത്. ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്ത ഇത്തരം ചെയ്തികള്‍ വീണ്ടുവിചാരമില്ലാതെ ചെയ്ത് ശീലമുള്ളവരാണ് സിപിഎമ്മുകാര്‍.
അധികാരത്തിലുള്ളപ്പോള്‍ ഇതൊക്കെ ആവര്‍ത്തിക്കുന്നവരാകയാല്‍ കോണ്‍ഗ്രസ്സിന് ഇത്തരം കാര്യങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ധാര്‍മികാവകാശമില്ല. കുത്സിത മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇപ്രകാരം അട്ടിമറിക്കുന്നവരാണ് മോദി സര്‍ക്കാര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നുവെന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ പക്ഷേ വിജയിക്കുകയാണെങ്കില്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും ആവര്‍ത്തിച്ച് നിരസിച്ച ഈ പരാതി ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് പൊടിതട്ടിയെടുക്കുകയുണ്ടായി.
പേപ്പര്‍ ബാലറ്റുകള്‍ നിലനിന്നിരുന്ന കാലത്ത് പോളിങ് ബൂത്തുകളില്‍ കൃത്രിമം കാണിക്കുക പതിവായിരുന്നു. പശ്ചിമ ബംഗാളില്‍ സിപിഎം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ‘ശാസ്ത്രീയ ബൂത്തുപിടുത്ത’ത്തെക്കുറിച്ച് അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന് തുറന്നടിച്ചത് വലിയ വിവാദമുണ്ടാക്കിയതാണല്ലോ. അപ്രിയ സത്യം പറഞ്ഞ ശേഷന് ഭ്രാന്താണ് എന്നായിരുന്നുവല്ലോ മുഖ്യമന്ത്രി ജ്യോതി ബസു പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ മൂന്നര പതിറ്റാണ്ടോളം ബംഗാളില്‍ സിപിഎം അധികാരത്തില്‍ തുടര്‍ന്നത് ജനാധിപത്യ പ്രക്രിയയെ ഹൈജാക്ക് ചെയ്താണ്. ബൂത്തു പിടുത്തവും കള്ളവോട്ടു ചെയ്യലുമൊക്കെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം ഇപ്പോഴും നടത്തുന്നു. എതിര് സ്ഥാനാര്‍ത്ഥികളെ പത്രിക നല്കാന് അനുവദിക്കാതെയും, ഭീഷണിപ്പെടുത്തി പിന്‍മാറ്റിച്ചും ‘എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന’ രീതി വ്യാപകമായി അരങ്ങേറുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതി വാഴ്ചയ്ക്കെതിരെ ആഞ്ഞടിക്കുന്ന ജനവികാരത്തെ നേരിടാനാവില്ലെന്ന് പാര്‍ട്ടിക്ക് അറിയാം. പരാജയം ഉറപ്പാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക. അതുകൊണ്ട് എന്ത് കൃത്രിമം നടത്തിയിട്ടാണെങ്കിലും വോട്ടു നേടുകയെന്നതാണ് സിപിഎം തന്ത്രം. ജനാധിപത്യ വിശ്വാസികളായ ഓരോ വോട്ടര്‍മാരും ഇതിനെതിരെ ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: