കൊച്ചി: ജീവന് ഭീഷണിയെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍. ജയിലില്‍ ചിലര്‍ തന്നെ വന്നു കണ്ടുവെന്നും ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് എറണാകുളം അഡീഷല്‍ സെഷന്‍സ് കോടതിയിലെത്തി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും തന്റെ അപേക്ഷ പരിഗണിക്കണമെന്നുമാണ് സ്വപ്ന ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചു.
തനിക്കും കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞു. കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അട്ടക്കുളങ്ങര ജയിലില്‍ തന്നെ ചിലര്‍ വന്നു കണ്ടുവെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. കാഴ്ചയില്‍ ജയില്‍, പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണെന്നും സ്വപ്നയുടെ ഹര്‍ജിയിലുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് തന്നെ വന്നുകണ്ടവര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് വന്നു കണ്ടവര്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറയുന്നു. കേസുമായി ബന്ധപ്പെട്ട് പല മൊഴികളും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതരുടെ പേരുകള്‍ പറയരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശേഷിയുള്ളവാണ് തങ്ങളെന്ന് ജയിലില്‍ വന്നുകണ്ടവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കി.
നവംബര്‍ 25ന് മുന്‍പു പലതവണ ഇത്തരത്തില്‍ ഭീഷണിയുണ്ടായി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തിരികെ അട്ടക്കുളങ്ങര ജയിലില്‍ എത്തുമ്പോള്‍ തനിക്ക് സംരക്ഷണം വേണമെന്നാണ് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: