പാലക്കാട് : വിളയ്ക്കണയാത്ത കൂത്തുമാടങ്ങളില്‍ രാമരാവണ കഥ പാടി നടന്ന തോല്‍പ്പാവകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സന്ദേശവുമായി സമൂഹ മാധ്യമങ്ങളില്‍. പ്രശസ്ത തോല്‍പ്പാവക്കൂത്ത് ആചാര്യന് കലാശ്രീ രാമചന്ദ്ര പുലവരും, രാജീവ് പുലവരുടേയും നേതൃത്വത്തിലുള്ള സംഘമാണ് ഈ വ്യത്യസ്തമായ ഇലക്ഷന് കൂത്തിന് പിന്നില്‍.
സാംസ്കാരിക കേരളത്തില്‍ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളില്‍ ഒന്നാണ് പാവക്കൂത്ത്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കേ ഈ കലയ്ക്ക് വ്യത്യസ്ത മാനം നേടുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ ഉള്ളത്. പുതുശൈലിയിലൂടെ പാവക്കൂത്തിനെ ജനങ്ങളിലേക്ക് എത്തിക്കാനാണ് പുതിയ പരിപാടി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയാണ് ഇലക്ഷന് കൂത്തില്‍ അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുള്ള വിഷയങ്ങള്‍ ഇവര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്.
കോവിഡ് കാലത്ത് വേദികള്‍ ഇല്ലാതായതോടെ പ്രതിസന്ധി നേരിട്ട് സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതോടെ പാവക്കൂത്ത് കലാകാരന്മാര് ദുര്‍ഘടാവസ്ഥയിലാണ്. ഇതിനെതുടര്‍ന്നാണ് പുതുമയാര്‍ന്ന അവതരണശൈലിയിലൂടെ ഈ കലാരൂപത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചുകൊണ്ടാണ് രാമചന്ദ്ര പുലവരും, രാജീവ് പുലവരും തോല്‍പ്പാവക്കൂത്തിന്റെ ഉന്നമനത്തിനുവേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ രാമചന്ദ്ര പുലവര്‍ തന്റെ വീട്ടില്‍ ഒരു കൂത്ത് മാടം നിര്‍മിച്ച് വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാജീവ് പുലവര്‍. രാഹുല്‍ പുലവര്‍, സഞ്ജു, വിജയ്, മനോജ്, ലാലു തുടങ്ങിയ കലാകാരന്മാര് ചേര്‍ന്നാണ് ഇലക്ഷന് പാവക്കൂത്തിന്റെ അണിയറ ശില്‍പ്പികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: