കൊല്ലം: മണ്ട്രോത്തുരുത്തില് ഹോംസ്റ്റേ ഉടമ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ആയുധമാക്കാനുള്ള സിപിഎം ശ്രമം പരിഹാസ്യമായി. കൊല്ലപ്പെട്ടയാളും കൊന്നയാളും സിപിഎമ്മുകാരാണെന്ന് വ്യക്തമായിട്ടും പാര്‍ട്ടിനേതൃത്വം സംഭവത്തെ രാഷ്ട്രീയകൊലപാതകമാക്കാന് ശ്രമിച്ചതാണ് പരിഹാസ്യമായത്.
വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (53) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ കുത്തേറ്റ് മരിച്ചത്. അയാളുടെ സുഹൃത്ത് കൂടിയായ പട്ടംതുരുത്ത് തുപ്പാശ്ശേരില്‍ അശോകനാണ് പ്രതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിഴക്കേ കല്ലട പോലീസ് ഒളിവില്‍ പോയ അശോകനെ പിടികൂടി. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കം കൊലയില്‍ കലാശിച്ചെന്നുമാണ് പോലീസ് നല്കിയ വിവരം.
അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം മണ്‍ട്രോത്തുരുത്തിലെ കനറാബാങ്ക് കവലയിലുള്ള സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇവരെല്ലാവരും ഒത്തുകൂടി. ഇത് പോളിംഗ് സ്റ്റേഷനായ വില്ലിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും 200 മീറ്ററിനുള്ളിലാണ്. ദൂരപരിധി സംബന്ധിച്ച പ്രശ്നം ഉള്ളതിനാല്‍ ഈ ഓഫീസ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മണിലാലും അശോകനും ഒപ്പമുണ്ടായിരുന്ന സത്യനും.
മദ്യപിച്ചിരുന്ന മൂവരും തമ്മില്‍ സംസാരത്തിനിടെ വാക്കുതര്‍ക്കം ഉടലെടുത്തു. വഴക്കിനിടെ മണിലാല്‍ അശോകനെ തല്ലി. അടികൊണ്ട അശോകന് കയര്‍ മുറിക്കാനായി മണിലാല്‍ തന്റെ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി പിടിച്ചുവാങ്ങി നെഞ്ചത്തു കുത്തുകയായിരുന്നു. മണിലാല്‍ നിലത്തുവീണതും അശോകന് ഓടിപ്പോയി. തൊട്ടടുത്തുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരന് ആണ് വിവരമറിഞ്ഞ് ആദ്യമെത്തിയത്. പഞ്ചായത്തുവക ആംബുലന്സുണ്ടായിരുന്നിട്ടും സ്വകാര്യവാഹനം ലഭിക്കുന്നതുവരെ മണിലാലിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അമിതമായി രക്തം വാര്‍ന്നാണ് മണിലാല്‍ മരിച്ചത്.
അടുത്തിടെയാണ് ദല്‍ഹി പോലീസില്‍നിന്ന് വിരമിച്ച അശോകന് നാട്ടിലെത്തിയത്. ദീര്‍ഘകാലം ആര്‍എസ്പിയുടെ ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്ന കുഞ്ഞുപണിക്കരുടെ മകനാണ് അശോകന്. കൊല്ലപ്പെട്ട മണിലാല്‍ വ്യാജച്ചാരായം കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. ഈ കേസില്‍ ഇയാള്‍ രണ്ടുമാസത്തോളം റിമാന്‍ഡിലായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നത്. രേണുകയാണ് മരിച്ച മണിലാലിന്റെ ഭാര്യ. പഞ്ചാബില്‍ പഠിക്കുന്ന അരുണിമയാണ് മകള്‍.
അശോകന് ജന്മനാ ബിജെപിയാണെന്ന രീതിയിലായിരുന്നു തുടക്കം മുതല്‍ സിപിഎം പ്രചരിപ്പിച്ചത്. മണിലാലിന്റെ മരണം രക്തസാക്ഷിവത്കരിച്ച് വോട്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു പാര്‍ട്ടി. പരസ്യപ്രചാരണം സമാപിച്ചതിനാല്‍ പാര്‍ട്ടി മുഖപത്രവും ചാനലും ഇതിനായി കഠിനപ്രയത്നം ചെയ്തു. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ മറ്റ് മാധ്യമങ്ങള്‍ ഈ വലയില്‍ വീഴാതിരുന്നതിനാല്‍ അവസാനം പാര്‍ട്ടിക്ക് വായടയ്ക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: