കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു മലയാളിയുള്‍പ്പെടെ 6 പേര് മരണമടഞ്ഞു. കോട്ടയം സ്വദേശി സുകുമാരന്‍ നായര്‍ (59) ആണ് മരിച്ച മലയാളി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 897 ആയി. പുതുതായി 230 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 306 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.
കഴിഞ്ഞ രണ്ട് മാസക്കാലമായി കൊറോണ ചികിത്സയിലായിരുന്നു മരിച്ച സുകുമാരന്‍നായര്‍. കോട്ടയം വെള്ളൂര്‍ സ്വദേശിയായ ഇദ്ദേഹം 14 വര്‍ഷമായി കുവൈത്തിലുണ്ട്. ഫിന്താസില് കുടുംബമായി താമസിച്ചുപോന്നിരുന്ന സുകുമാരന്‍ നായര്‍ അല്‍ ഫവാസ് കമ്പനിയില്‍ ഇല്കട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യ ശൈലജ, സുസ്മിത, സുമിത എന്നിവര്‍ മക്കളാണ്.
വിവിധ ആശുപത്രികളില്‍ കൊറോണ ചികിത്സയില്‍ കഴിഞ്ഞിരുന്ന 6 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയവരുടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 897 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,626 പേരില്‍ നടത്തിയ സ്രവ പരിശോധനയില്‍ 230 പേര്‍ക്കാണ് ആരോഗ്യമന്ത്രാലയം കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ കൊറോണ ചികിത്സയിലുള്ള 3,361 പേരില്‍ 84 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്ത് ആകെ 11,46,420 പേരെവൈറസ് പരിശോധനക്ക് വിധേയരാക്കിയതില്‍ 1,44,599 പേരില്‍ രോഗം കണ്ടെത്തിയതായും 306 പേര് കൂടി രോഗം ഭേദമായി ആശുപത്രിവിട്ടതോടെ 1,40,341 പേര് ആകെ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: