ആദ്യഘട്ടമായ ഇന്ന് അഞ്ച് ജില്ലകളിലുള്ളവര്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാണ്. അഴിമതി മുഖമുദ്രയായ ഇടതുജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും ഒരുപോലെ പരാജയ ഭീതിയിലാണ്. ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായ ഇവരില്‍ ആരെയും തെരഞ്ഞെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വോട്ടര്‍മാര്‍. സാധ്യമായ വഴികളിലൂടെയെല്ലാം സഹസ്രകോടികളുടെ അഴിമതികള്‍ നടത്തുന്ന ഭീമാകാര യന്ത്രമായി സംസ്ഥാനത്തെ ഭരണകൂടം മാറിയിരിക്കുകയാണ്. ഭരണാധികാരികള്‍ അധോലോകസംഘമായി അധഃപതിച്ചിരിക്കുന്നു. സര്‍ക്കാരിനോടുള്ള രോഷം ജനങ്ങളില്‍ ആളിക്കത്തുകയാണ്.
അഴിമതിയുടെ ആള്‍രൂപമായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയിരിക്കുന്നു. ഇതിനാല്‍ പ്രചാരണ രംഗത്തിറങ്ങാന്പോലും കഴിയുന്നില്ല. സ്വര്‍ണ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, ലൈഫ്മിഷന് പദ്ധതി, ഡോളര്‍ കടത്ത് തുടങ്ങിയവയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയിരിക്കുന്നു. കുപ്രചാരണത്തിലൂടെ ഇത് മറച്ചുപിടിക്കാനുള്ള വിഫലശ്രമമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടി അനുഭാവികള്‍ പോലും ഇത് പുച്ഛിച്ചുതള്ളുകയാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയ പിണറായി ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരംകൂടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
അധികാരത്തിലെത്താന്‍ ഏറ്റുമുട്ടുമെങ്കിലും അഴിമതിയുടെ കാര്യത്തില്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ഇവരില്‍ ആരെ തെരഞ്ഞെടുത്താലും അഴിമതി അവസാനിക്കാന്‍ പോകുന്നില്ലെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. ആറര വര്‍ഷക്കാലം രാജ്യം ഭരിച്ചിട്ടും അഴിമതിയുടെ കറപുരളാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ക്ക് വിശ്വാസമാണ്. അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിനാലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും മോദി സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായിരിക്കുന്നത്.
കേരളത്തില്‍ തമ്മിലടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തിനു പുറത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും പരസ്യമായ സഖ്യത്തിലാണ്. പകല്‍പോലെ വ്യക്തമായ ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎമ്മും ബിജെപിയും സഖ്യത്തിലാണെന്ന് കോണ്‍ഗ്രസ്സും, കോണ്‍ഗ്രസ്സും ബിജെപിയും സഖ്യത്തിലാണെന്ന് സിപിഎമ്മും ലജ്ജയില്ലാതെ ആരോപിക്കുന്നത്. പരാജയം മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. കേരളത്തിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഈ അവിശുദ്ധ സഖ്യമുണ്ട്.
എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കുപ്രചാരണം നടത്തുകയാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഇത് വിജയിക്കാന്‍ പോകുന്നില്ല. അഴിമതിക്കെതിരെ വിധിയെഴുതാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ പക്ഷത്താണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ ജനവികാരം തീര്‍ച്ചയായും പ്രതിഫലിക്കും. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ശക്തിപ്പെടും. പിണറായിയുടെ ഭരണം പിഴുതെറിയപ്പെടും.
മോദി സര്‍ക്കാരിന്റെ ജനക്ഷേമ ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ കേരളത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും വനിതകളും വയോജനങ്ങളും യുവാക്കളും സംരംഭകരും കര്‍ഷകരും പിന്നാക്കക്കാരും ദളിത് വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഭിന്നശേഷിക്കാരും മധ്യവര്ഗവുമടക്കം ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. മതത്തിന്റെയോ ജാതിയുടെയോ യാതൊരു വിവേചനവും ഇക്കാര്യത്തില്‍ കാണിച്ചിട്ടുമില്ല. ഇതറിയാവുന്ന സാധാരണ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യും.
മതപരമായ ധ്രുവീകരണം സൃഷ്ടിച്ചും മതമൗലികവാദ-തീവ്രവാദ ശക്തികളുമായി സഖ്യമുണ്ടാക്കിയും നേട്ടമുണ്ടാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. വര്‍ഗീയതക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മികവും രാഷ്ട്രീയവുമായ അവകാശം ഇവര്‍ക്കില്ല. ബിജെപിയോട് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ആഭിമുഖ്യം ഇടതു-വലതു മുന്നണി നേതൃത്വത്തെ വിറളിപിടിപ്പിക്കുകയാണ്. ഒരുകാലത്തും ഉണ്ടാകാത്ത വിധം കേരളത്തിലെ ജനങ്ങള്‍ മാറ്റം കൊതിക്കുന്നു.
ഇടതു-വലതു മുന്നണികളെ മാറി മാറി പരീക്ഷിച്ച് അവര്‍ മടുത്തിരിക്കുന്നു. കേന്ദ്രവും രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി-എന്‍ഡിഎ സഖ്യത്തിനു പിന്നില്‍ അണിനിരക്കേണ്ടത് കേരളത്തിന്റെ സാമൂഹ്യ സുരക്ഷയ്ക്കും വികസന പുരോഗതിക്കും ആവശ്യമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും സമ്മതിദാനാവകാശം അവര്‍ ഇതിനായി വിനിയോഗിക്കും. അങ്ങനെ കാതലായ മാറ്റത്തിന് വഴിയൊരുക്കേണ്ടത് ഓരോ വോട്ടര്‍മാരുടെയും ജനാധിപത്യപരമായ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: