1920 ല്‍ താഷ്കന്റില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1925 ലാണ് ഇന്ത്യന്‍ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഘടനാ സംവിധാനമുണ്ടായത്. നാഗപൂര്‍ സ്വദേശിയായ സത്യഭക്തയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ളവരെ ആദ്യമായി സംഘടിപ്പിച്ചത്. 1924 സെപ്തംബര്‍ 1ന് കാണ്‍പൂര്‍ ആസ്ഥാനമായി സത്യഭക്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തമായി ഭരണഘടനയും പൂര്‍ണ്ണ സ്വരാജ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കി. കൊല്‍ക്കത്ത, മദ്രാസ്, കാണ്‍പൂര്‍, ബോംബേ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നിലവില്‍ വന്നതായി ‘വന്ദേമാതരം’ പത്രത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആദ്യ സമ്മേളനം മൂന്നു മാസത്തിനുള്ളില്‍ ചേരുമെന്നും സത്യഭക്ത പ്രഖ്യാപിച്ചു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ കോമിന്റേണിന്റെ ഭാഗമായി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ മാസത്തില്‍ ആദ്യ സമ്മേളനം ചേരാനായില്ല. ഒരു വര്‍ഷം വൈകി ഡിസംബര്‍ അവസാനമാണ് ആദ്യ യോഗം കാണ്‍പൂരില്‍ ചേര്‍ന്നത്.
എന്നാല്‍ ശിങ്കാരവേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗം തന്നെ പിളര്‍പ്പിലാണ് അവസാനിച്ചത്. എന്നത്തെയും പോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ദഹിക്കാത്ത ദേശീയത എന്ന ആശയം തന്നെയാണ് ജനിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിയെ പിളര്‍ത്തിയത്. യോഗം വിളിച്ചു ചേര്‍ത്ത സത്യഭക്ത, ശിങ്കാരവേലു ചെട്ടിയാര്‍, ഹസ്രത്ത് മൊഹാനി എന്നിവര്‍ക്കൊക്കെ പാര്‍ട്ടി സ്വതന്ത്രമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളണമെന്ന ആശയക്കാരായിരുന്നു.
കോമിന്റേണില്‍ നിന്ന് ഇന്ത്യന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. ‘കമ്മ്യൂണിസ്റ്റ് പാതയില്‍ ഇന്ത്യന്‍ പാര്‍ട്ടിയും സോവിയറ്റ് പാര്‍ട്ടിയും സഹയാത്രികരാണ്. അല്ലാതെ നാം അവരുടെ അടിമകളല്ല’ മൊഹാനി പ്രഖ്യാപിച്ചു. ‘റഷ്യയില്‍ സ്വീകരിച്ച ബോള്‍ഷെവിസമല്ല ഇന്ത്യയില്‍ വേണ്ടത്. ഇന്ത്യ റഷ്യയല്ല.’ ചെട്ടിയാരുടെ സുചിന്തിതമായ അഭിപ്രായവും ഇതായിരുന്നു.
എന്നാല്‍ എസ്. വി ഘാട്ടേ, കെ.എന്‍ ജോഗലേക്കര്‍ തുടങ്ങിയവര്‍ക്ക് കോമിന്റേണുമായി പിരിയുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. എം.എന്‍ റോയിയ്ക്കും ഇതേ അഭിപ്രായമായിരുന്നു.. “It would be betrayel if the communist fall to recognise the international character of class-struggle. A National communist is an enemy of the proletariate.” (Communist and Socialist Movement in India: A Critical Account, Chandrika Singh Page 59) ദേശീയ ചിന്തയുള്ള കമ്മ്യൂണിസ്റ്റ്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുവാണെന്ന എം.എന്‍ റോയിയുടെ അഭിപ്രായത്തിനാണ് യോഗത്തില്‍ മുന്‍തൂക്കം കിട്ടിയത്.
പാര്‍ട്ടിയുടെ പേര് എന്തായിരിക്കണമെന്ന കാര്യത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസം യോഗത്തിലുണ്ടായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കണമെന്ന് സത്യഭക്ത അഭിപ്രായപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരാണ് വേണ്ടതെന്ന് ഘാട്ടേ നിലപാട് സ്വീകരിച്ചു. അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേരിടുന്ന രീതി ഇവിടെയും വേണമെന്നായിരുന്നു ഘാട്ടേയുടെ അഭിപ്രായം. എന്നാല്‍ വൈദേശികമായ രീതി മാറ്റി സ്വന്തം രീതി സ്വീകരിക്കണമെന്ന് സത്യഭക്തയുടെ സംഘം ആവശ്യപ്പെട്ടു. ഇവിടെയും സത്യഭക്തയുടെ ‘ദേശീയ’ കാഴ്ചപ്പാട് പരാജയപ്പെട്ടു.
അതോടെ നാഷണല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സത്യഭക്ത ഉപചാരം ചൊല്ലി പിരിഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ബോംബെ ആസ്ഥാനമായി 1925 ഡിസംബര്‍ 26 ന് രൂപംകൊണ്ടു. സച്ചിദാനന്ദ് വിഷ്ണു ഘാട്ടേ എന്ന എസ്. വി ഘാട്ടേ ആദ്യ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ പിളര്‍ന്ന് രൂപം കൊള്ളുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായി സിപിഐ ഇന്ത്യന്‍ മണ്ണില്‍ പിച്ച വെക്കാന്‍ തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: