ഹൈദരാബാദ്: തെലങ്കാനയിലെ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ചവിജയം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ചവിട്ടുപടിയായാണ് ബിജെപി കാണുന്നത്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്‌ട്രസമിതിയെ(ടിആര്‍എസ്) അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ബിജെപിക്ക് കഴിയുമെന്ന മനോവീര്യവും കോർപറേഷനിലെ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. അടുത്ത ലക്ഷ്യം തെലങ്കാന നേടുകയെന്നതാണെന്നും അതിനായുള്ള പരിശ്രമം ആത്മാര്‍ത്ഥതയോടെ ആരംഭിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.
150 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 55 ഇടത്ത് വിജയിച്ച് ടിആര്‍എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 48 സീറ്റുമായി ബിജെപി തൊട്ടുപിന്നിലെത്തി. ടിആര്‍എസിന് ലഭിച്ച വോട്ടുവിഹിതം 35.81 ശതമാനം. അതായത് 12.06 ലക്ഷം വോട്ടുകള്‍. ബിജെപിക്കാകട്ടെ ഇത് 35.56% ആണ്, 11.95 ലക്ഷം വോട്ടുകള്‍ പാര്‍ട്ടി സ്വന്തമാക്കി. 2016-ല്‍ 99 സീറ്റുകളായിരുന്നു ടിആര്‍എസിന് കിട്ടിയത്.
എന്നാല്‍ പകുതിയോളം സീറ്റുകള്‍ ഇത്തവണ നഷ്ടമായി. കഴിഞ്ഞ പ്രാവശ്യം സാന്നിധ്യം പോലുമില്ലാതിരുന്ന മേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ടിആര്‍എസിനെ ഞെട്ടിച്ചിട്ടുണ്ട്. നാലു സീറ്റുകള്‍ മത്രമായിരുന്നു 2016-ല്‍ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: