തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നത് വളരെ ഗൗരവത്തോടെയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണത്തില്‍ വരെ അത് പ്രകടം. പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലുമെല്ലാം പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളെയാണ് മത്സര രംഗത്തിറിക്കിയത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ജില്ലാ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രാജി പ്രസാദ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കലില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ അവിടെ വിജയിക്കുമെന്നാണ് പ്രതീക്ഷ. എന്നും സ്ത്രീപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന, രാജി പ്രസാദ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങളെക്കുറിച്ച് സംസാരിക്കുന്നു
ഈ സര്‍ക്കാര്‍ സ്ത്രീ പക്ഷത്തോട് എത്രത്തോളം ചേര്‍ന്നു നില്ക്കുന്നു?
മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കള്‍ എല്ലാ വിഭാഗം ജനങ്ങളുമാണ്. വികസനഫലങ്ങള്‍ എല്ലാവരിലേക്കും ഒരുപോലെയെത്തുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയം. അതിനുള്ള പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. എങ്കിലും സ്ത്രീകളുടെ ഉന്നമനത്തിനും
ക്ഷേമത്തിനും മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കുന്നു. എന്നും പിന്നില്‍ നില്‍ക്കുകയും പിന്നാക്കം പോകുകയും ചെയ്തിരുന്ന സ്ത്രീയല്ല ഇന്നത്തെ ഭാരതത്തില്‍. പുരുഷകേന്ദ്രീകൃതമായ കാര്യനിര്‍വഹണവും ജീവിത സാഹചര്യങ്ങളുമുണ്ടായിരുന്ന രാജ്യത്ത് സ്ത്രീക്ക് പുരുഷനൊപ്പമോ അതിനും ഒരുപടി മുന്നിലോ പരിഗണനയും സ്ഥാനവും ലഭിക്കുന്ന സാഹചര്യമാണ് ഇന്ന്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളാണ് അതിനു കാരണം. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടു മുതല്‍ പ്രധാനമന്ത്രി മാതൃവന്ദന യോജന വരെയുള്ള പദ്ധതികള്‍ സ്ത്രീകളുടെ ക്ഷേമം പരിരക്ഷിക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
സ്ത്രീകള്‍ കൂടുതലായി ബിജെപിയിലേക്ക് വരുന്നുണ്ടല്ലോ?
ഇപ്പോള്‍ ബിജെപിക്കൊപ്പം സഞ്ചരിക്കാന്‍ നിരവധി സ്ത്രീകള്‍ മുന്നോട്ടുവരുന്നു. പ്രക്ഷോഭങ്ങളില്‍ വരെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളാണ്. അതിനു കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. മോദിജിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ സ്ത്രീകള്‍ക്കും ലഭിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം മാത്രം നല്കി.
ഏതൊക്കെ പദ്ധതികളാണ് നരേന്ദ്ര മോദി സ്ത്രീകള്‍ക്കായി നടപ്പിലാക്കിയത്?
മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യം നടപ്പിലാക്കിയ ജനപ്രിയ തീരുമാനമാണ് എല്ലാവര്ക്കും സീറോ ബാലന്‍സില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് സ്ത്രീകള്‍ക്കാണ്. വീടുകളില്‍ പു
രുഷന്മാര്ക്കാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. എന്നാല്‍ ജന്‍ധന്‍ യോജനയിലൂടെ സ്ത്രീകള്‍ക്കും അക്കൗണ്ട് ഉണ്ടായപ്പോള്‍ അവരില്‍ സമ്പാദ്യശീലം വളര്‍ന്നു. സ്വയം പര്യാപ്തയാകണമെന്ന മോഹത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു അത്. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ സഹായം ഈ അക്കൗണ്ടിലേക്ക് വന്നു തുടങ്ങി.
2015 ജനുവരി 22നാണ് സുകന്യ സമൃദ്ധി യോജന പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളുടെ പഠനത്തിനും വിവാഹത്തിനും ഉതകുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രി മുദ്രായോജന വഴി ആയിരക്കണക്കിന് സ്ത്രീകളാണ് സ്വയംതൊഴില്‍ സംരംഭകരായത്. മുദ്രാലോണ്‍ എടുത്ത് ചെറുകിട വ്യവസായങ്ങളാരംഭിച്ച് ജീവിതം കരുപ്പിടിപ്പിച്ചവര്‍ ആയിരക്കണക്കിന് കേരളത്തിലുമുണ്ട്. വീട്ടമ്മമാരെ ഉദ്ദേശിച്ച് നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന. ഗ്യാസ് കണക്ഷന് സൗജന്യമായി നല്കുന്ന പദ്ധതിക്ക് വലിയതോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
പെണ്‍കുട്ടികളുടെ ജീവിതനിലവാരവും വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനായാണ് ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടിക്ക് വര്‍ഷം 24,000 രൂപ സ്കോളര്‍ഷിപ്പ് നല്കുന്നതാണിത്. ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ട്യൂഷന് ഫീസ് ഇനത്തില്‍ 30,000 രൂപ വരെ നല്കുന്ന പ്രഗതി സ്കോളര്‍ഷിപ്പ് പദ്ധതിയുമുണ്ട്. മോദി പ്രഖ്യാപിച്ച ‘മഹിളാ ഇ-ഹാട്ട്’ വനിതാ സംരംഭകര്‍ക്കായുള്ള ഓണ്‍ലൈന്‍ വിപണന വേദിയാണ്.
ഇതെല്ലാം കേരളത്തില്‍ നടപ്പാക്കുന്നുണ്ടോ?
നമുക്ക് നേരിട്ട് ഈ പദ്ധതികളിലെല്ലാം ചേരാം. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല. സുകന്യ സമൃദ്ധി യോജനയില്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് അക്കൗണ്ട് തുടങ്ങേണ്ടത്. മഹിളാ ഇ-ഹാട്ട് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകം സെന്ററുകളാരംഭിക്കണം. എന്നാല്‍ കേരളം ഇതില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി വില്‍ക്കാം. വലിയതോതില്‍ സാധ്യതകളുള്ള പദ്ധതിയായിരുന്നു ഇത്.
കേരളത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഈ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്ത്രീകള്‍ക്ക് സ്നേഹമുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതെല്ലാമാണ്. മുത്തലാഖ് നിരോധനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാരിന്റേത്.
ഈ തെരഞ്ഞെടുപ്പിലും മോദിയുടെ പദ്ധതികളും പ്രവര്‍ത്തനവും പ്രതിഫലിക്കും. സ്ത്രീ സമൂഹത്തിന് ഇനി രക്ഷയും അത്താണിയും ബിജെപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: