നാദാപുരം: സേവന പ്രവര്‍ത്തനത്തിനും വോട്ടര്‍മാരെ കാണാനും എവിടെയും ഓടിയെത്താന്‍ വിനു ഭാസ്കറിന് സൈക്കിള്‍ ധാരാളം. പുറമേരിക്ക് സുപരിചിതമാണ് സദാ കര്മ്മാനിരതനായ ഈ സ്ഥാനാര്‍ത്ഥിയെ. പുറമേരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാണ് വിനു ഭാസ്കര്‍. ലോക്ക്ഡൗണ്‍ കാലത്ത് സഹായങ്ങളുമായി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പുറമേരിയിലെയും സമീപപ്രദേശത്തെയും വീടുകളില്‍ സൈക്കിളില്‍ എത്തിയിരുന്നു വിനുഭാസ്കര്. ഇപ്പോള്‍ വോട്ടര്‍മാരെ കാണാന്‍ പോകുന്നതും സൈക്കിളില്‍ തന്നെ. സഹായത്തിനായി ആരു വിളിച്ചാലും കക്ഷിരാഷ്ട്രീയഭേദമന്യേ ഇദ്ദേഹം തന്നാലാവുന്ന തരത്തില്‍ സഹായിക്കും. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് ഉണ്ടെങ്കിലും കോവിഡ് കാലത്തെ സേവാഭാരതി പ്രവര്‍ത്തനം ഇദ്ദേഹത്തിന് ഒരുപാട് സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തന്നാലാവുന്ന സഹായവുമായി വിനു ഭാസ്കര്‍ മുന്നിലുണ്ടാവും.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ബന്ധപ്പെട്ട് സേവാഭാരതിയുടേയും അമൃതാ ഹോസ്പിറ്റലിന്റേയും സഹായത്തോടെ മരുന്നുകള്‍ എത്തിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന കാര്യത്തിലും വിനുവിന്റെ കരുതലുണ്ടായിരുന്നു. സ്ഥാപനങ്ങളും വീടുകളും അണുവിമുക്തമാക്കുന്നതിനും ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നതിനും വിനു ഭാസ്ക്കര്‍ മുന്നിലുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിലും ജാഗരൂകനാണ്. ഇലക്രീഷ്യനായ വിനുവിന്റെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ പൂര്‍ണ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: