കൊട്ടാരക്കര: താമരക്കുടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ടെന്ന് വിശ്വസിച്ച് പണം നിക്ഷേപിച്ചര്‍ പണത്തിനായി ഇനി മുട്ടാത്ത വാതിലുകളില്ല. ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും സഖാക്കളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് നിക്ഷേപിച്ചവര്‍ വര്‍ഷങ്ങളായി പണത്തിനായി കോടതി കയറുകയും, സമരം നടത്തുകയുമാണ്.
എല്‍ഡിഎഫ് കുത്തക ഭരണം നടത്തിയ ഇവിടെ ഒന്നും രണ്ടുമല്ല 12 കോടിയാണ് സഖാക്കളുടെ തട്ടിപ്പില്‍ ആവിയായത്. സര്‍ക്കാര്‍ ഗ്യാരന്റിയുണ്ടെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കൈമലര്‍ത്തുന്നു. എല്‍ഡിഎഫ് അധികാരത്തിലേറുമ്പോള്‍ ബാങ്കിനെ രക്ഷിക്കാന്‍ നടപടകളുണ്ടാവുമെന്ന് വിശ്വസിച്ചിരുന്നവരുടെ പ്രതീക്ഷ ഇപ്പോള്‍ കൈവിട്ടു. ഇതോടെയാണ് അവര്‍ വീണ്ടും സമരമുഖത്ത് എത്തിയത്. ഏ.ആര്.ഓഫീസിനു മുന്നില്‍ നടത്തുന്ന സമരം ഇന്ന് 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
സിപിഎം ഏരിയനേതാക്കന്മാര് വരെ ഭരണസമിതിയില്‍ ഇരുന്ന കാലത്താണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. എംഎല്എയാകട്ടേ തന്റെ ജന്മനാട്ടിലെ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് ഇതുവരെ നിയമസഭയില്‍ ഉന്നയിക്കാനോ, നിക്ഷേപം മടക്കി നല്കാന് സമര്‍ദ്ദം ചെലുത്താനൊ തയ്യാറായിട്ടില്ല. നാല് പതിറ്റാണ്ട് പാരമ്പര്യമുളള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സിപിഎം ‘ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പന്ത്രണ്ട് കോടിയുടെ തട്ടിപ്പ് മൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചു പൂട്ടി റിസീവര്‍ നിയന്ത്രണത്തിലായി. വിവാഹ ആവശ്യത്തിനും വീടുവയ്ക്കാനും സ്വരുക്കൂട്ടിവച്ചിരുന്ന തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും.
2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഭരണസമിതിക്കാരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയും മറ്റ് ചിലര്‍ തങ്ങളുടെ പേരിലുള്ള ബാധ്യത തിരിച്ചടച്ചും കേസില്‍ നിന്ന് ഒഴിവായി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസകരമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: