കൊല്ലം: എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊല്ലം കോര്‍പ്പറേഷനില്‍ നടത്തിയിട്ടുള്ള അഴിമതികള്‍ തെളിവുകളോടെ പുറത്തുവിട്ട് യുവമോര്‍ച്ച. സി. കേശവന്സ്മാരക ടൗണ്‍ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേടിന്റെ വിവരങ്ങള്‍ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
3.30 കോടി രൂപയ്ക്കാണ് നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഇതില്‍ കരാറുകാരന് ആകെ നല്‍കിയത് 62 ലക്ഷം രൂപയാണ്. 5000 രൂപയ്ക്ക് മുകളിലുള്ള ഏതൊരു പ്രവര്‍ത്തിക്കും സ്വകാര്യ ഏജന്‍സികളായാലും സ്ഥാപനങ്ങളായാലും കരാറിന് ടെണ്ടര്‍ വിളിക്കണമെന്ന പൊതുനിയമം ലംഘിച്ചതായും യുവമോര്‍ച്ച ആരോപിച്ചു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് കരാറെടുത്തത്. വിവരാവകാശ രേഖപ്രകാരം ആകെ ചെലവായ തുക 1.97 കോടി രൂപയാണ്. ബാക്കി തുക സംബന്ധിച്ച് മേയറായിരുന്ന അഡ്വ. വി. രാജേന്ദ്രബാബുവും കൂട്ടരും മറുപടി പറയണമെന്നും വിഷ്ണു ആവശ്യപ്പെട്ടു.
ടൗണ്‍ ഹാള്‍ നവീകരണത്തില്‍ വ്യാപകമായ സാമ്പത്തികക്രമക്കേടുകളുണ്ട്. നിലവില്‍ നവീകരിച്ച ഹാളിന് ചോര്‍ച്ചയും മറ്റ് ഗുരുതര നിര്‍മാണ പോരായ്മകളുമുണ്ട്. നവീകരണത്തിനണ്ടുശേഷം ഒരു ലക്ഷം രൂപയാണ് വാടക ഈടാക്കുന്നത്.
അമൃത് പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച പ്രവൃത്തികള്‍ക്കെല്ലാം കോര്പ്പറേഷന് മിഷന് കൊല്ലം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയില്‍ തുക ചെലവഴിച്ചിട്ടില്ലെന്നാണ് രേഖകള്‍. കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷം അമൃത് മിഷനില്‍ കൊല്ലം കോര്പ്പറേഷന് നല്‍കിയത് 34 കോടി രൂപയാണ്. എന്നാല്‍ ചെലവാക്കിയതാകട്ടെ 24 കോടിയും. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണിത്. ജനങ്ങള്‍ക്ക് വേണ്ടി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം നല്കുന്ന പണം പോലും തിരിമറി നടത്തുകയാണ് ഭരണസമിതി ചെയ്തത്. അഴിമതിയുടെ വികസനമാണ് ഇടതുമുന്നണി രണ്ടുപതിറ്റാണ്ടായി കോര്‍പ്പറേഷനില്‍ കാഴ്ചവയ്ക്കുന്നത്.
അജൈവമാലിന്യശേഖരണയൂണിറ്റിന്റെ പേരിലും കോടികള്‍ തട്ടിയിട്ടുണ്ട്. ഇരവിപുരം സോണല്‍ ഓഫീസിന്റെ പരിധിയില്‍ മാത്രം 28 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വിഷ്ണുവിനൊപ്പം ജില്ലാ ജനറല്‍ സെക്രട്ടറി അജിത് ചോഴത്തില്‍, വൈസ് പ്രസിഡന്റ് ജമുന് ജഹാംഗീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: