ക്യാമറകൊണ്ട് കവിത രചിക്കുകയെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും റസല്‍ ഷാഹുലിന്റെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്. ജീവിതത്തിന്റെ ഭാഗംതന്നെയായ ക്യാമറയും കൊണ്ട് മറ്റൊരു കവിത രചിക്കാമെന്ന് പത്രപ്രവര്‍ത്തകനായ യുവാവ് അനുഭവത്തിലൂടെ കാണിച്ചു തരുന്നു. അതാണ് അദ്ദേഹത്തിന്റെ പുസ്തകമായ ‘രുചി മീന്‍ സഞ്ചാരം.’
മലയാള മനോരമയുടെ തൃശൂര്‍ യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫറായ റസലിന്റെ യാത്രയും മീനറിവും പാചകവും ചേര്‍ന്ന പുസ്തകമാണ് രുചി മീന്‍ സഞ്ചാരം. കാസര്‍കോട് നീലേശ്വരത്തെ കവ്വായി കായലില്‍ നിന്നാരംഭിച്ച യാത്ര തിരുവനന്തപുരം പാര്‍വതി പുത്തനാറിലെത്തുമ്പോള്‍ നാട്ടു രുചിയുടെ മീന്‍കറി നാവിലും മനസ്സിലും കപ്പലോട്ടം നടത്തുകയാണ്. നാട്ടുമീന്‍ രുചിയുടെ എരിവും പുളിവും ചേര്‍ന്ന സാഹിത്യ സദ്യയാണ് പുസ്തകം. അതിനൊപ്പം സംസ്കാര മധുരവും, നമ്മള് പലരും മറന്നുപോവുന്ന ശുദ്ധനാട്ടുകഥയുടെ തുടിപ്പും താളവും. ഇനിമയാര്‍ന്ന കൗതുകത്തിന്റെ ചെകിളകളില്‍ റസല്‍ സ്നേഹപൂര്‍വം ഒളിപ്പിച്ചുവച്ച തനതു രീതികള്‍ അതീവ ഹൃദ്യമാണ്. പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ ചാറ്റല്‍ മഴയില്‍ തോട്ടിറമ്പില്‍ വാഴയിലയും ചൂടിയിരിക്കുന്നതും, ചൂണ്ടയില്‍ കുടുങ്ങിയ മീന്‍ പിടയുന്നതും, മണ്‍ചട്ടിയില്‍ ഉള്ളി വറവില്‍ കിടന്ന് മീന്‍ തിളയ്ക്കുന്നതും, നറുമണം മൂക്കിന്റെ സമനില തെറ്റിക്കുന്നതും അനുഭവിക്കാനാവും.
വെറുതെ മീനുകളെക്കുറിച്ചുള്ള വിവരണമാണ് പുസ്തകമെന്ന ധാരണയുണ്ടെങ്കില്‍ തെറ്റി, നാടിന്റെ തനിമയും ഇനിമയും ചേര്‍ന്ന രസക്കൂട്ടാണ് ഇതില്‍ മൊരിഞ്ഞു കിടക്കുന്നത്. വായനക്കാരന്റെ മനസ്സിലൂടെ അക്ഷരങ്ങളുടെ ഘോഷയാത്രയല്ല, മറിച്ച് നാവിലെ രസമുകുളങ്ങളെയും, കണ്ണിലെ കൃഷ്ണമണിയെയും ഉദ്ദീപിപ്പിച്ചു കൊണ്ടുള്ള വാക്കുകളുടെ ഉത്സവമാണ് പകര്‍ന്നാടുന്നത്. ഭക്ഷണവും വസ്ത്രവുമാണ് ഒരു നാടിനെ അറിയാനുള്ള എളുപ്പ വഴിയെന്നാണ് പൊതുവെ പറയാറ്. അങ്ങനെ നോക്കുമ്പോള്‍ റസല്‍ ഷാഹുല്‍ ഓരോ നാടിനെയും (പ്രദേശത്തെയും)അതിന്റെ തനിമയോടെ പൊതു ജനമധ്യേ അവതരിപ്പിക്കുകയാണ്.
ചേരുവകളുടെ അകമ്പടിയില്‍ മീന്‍രുചിയുടെ കൊതിപ്പിക്കുന്ന രീതി ഭാഷാപ്രയോഗത്തിലും ശൈലിയിലുമുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പുരസ്കാരത്തിന് ഷാഹുല്‍ അര്‍ഹനായത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം വായിച്ചാല്‍ കിട്ടും. ഗാന രചയിതാവും കവിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ പൂച്ചാക്കല്‍ ഷാഹുലിന്റെ മകന് രക്തത്തില്‍ തന്നെ കലാസാംസ്കാരിക ചൈതന്യം അലിഞ്ഞുകിടപ്പുണ്ട്.
നാട്ടറിവുകള്‍ തേടുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രുചിമേളത്തില്‍ ആഴ്ന്നിറങ്ങുന്നവര്ക്കും അങ്ങേയറ്റം പ്രയോജനപ്രദമാണ് ‘രുചി മീന്‍ സഞ്ചാരം’. പേരുപോലെ തന്നെ ഇതില്‍ രുചിയും മീനും സഞ്ചാരവും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു. നാട്ടറിവുകള്‍ക്കൊപ്പം നാട്ടുരുചിയെങ്ങനെ പരുവപ്പെടുത്തിയെടുക്കാമെന്നും പറയുന്നുണ്ട്. കൊതിപ്പിക്കുന്ന പാചകക്കുറിപ്പുകള്‍ പുസ്തകത്തിന്റെ തിലകക്കുറിയാണ്. ഓരോ പ്രദേശത്തെയും കൈപ്പുണ്യം പേറുന്നവരുടെ രുചി സമൃദ്ധമായ പാചകക്കുറിപ്പുകള്‍ പുസ്തകത്തെ വേറിട്ട അനുഭവമാക്കുന്നു. വായിക്കൂ, അനുഭവിക്കൂ, പകര്‍ന്നു നല്‍കൂ എന്നത്രേ റസല്ഷാഹുല് പറയാതെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: