സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യവും കേന്ദ്ര ഭരണത്തിന്റെ മികവും ഇടുക്കിയില്‍ ഇത്തവണ അനുകൂലമാകുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ.എസ്. അജി. ജില്ലയില്‍ 724 വാര്‍ഡുകളില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടുക്കിക്ക് വേണ്ടി മാത്രം വലിയ തുകയാണ് നീക്കിവെച്ചത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കാലത്ത് നല്‍കിയതിലും കൂടുതലാണിത്്.
റോഡ് വികസനത്തിന് വേണ്ടി മാത്രം 1800 കോടിയിലധികം രൂപ നല്കി. ടൂറിസം മേഖലയില്‍ നൂറ് കണക്കിന് കോടി നല്കി. പ്രളയനാശത്തിന്റെ ഭാഗമായും തുക നല്കി, ചെറുതോണി പാലം ഉള്‍പ്പെടെയുള്ള നിരവധി പാലങ്ങള്‍ പണിയുന്നതിനും ഫണ്ട് നല്‍കിയിട്ടുണ്ട്. വീട് നിര്‍മ്മാണം, വൈദ്യുതികരണം, സൗജന്യ ഗ്യാസ് കണക്ഷന്, ആരോഗ്യ ഇന്‍ഷുറന്‍സ്, കിസാന്‍ സമ്മാന്‍നിധി തുടങ്ങി നിരവധി മേഖലകളിലും കേന്ദ്ര സഹായമെത്തി.
ഇടുക്കിയിലെ പ്രധാന പ്രശ്നമായ ഭൂവിഷയം പരിഹരിക്കുന്നതില്‍ മാറി മാറി വന്ന ഇടത് -വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണ്. 1964ലെ ഭൂനിയമം ഭേദഗതി ചെയ്യുന്നതിന് ഇരുവരും ഇതുവരെ ശ്രമിച്ചിട്ടില്ല. ഇതിന്റെ ഫലമാണ് ജില്ലയിലെ കര്‍ഷകര്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ വികസന അജണ്ട മുന്‍നിര്‍ത്തി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗ്രാമീണ മേഖലടക്കം കൊടുത്തിട്ടുള്ള പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്.
പല മേഖലയിലും ഇടത് വലതിനേയും വലത് ഇടതിനേയും സഹായിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബിജെപി ജയിക്കുമെന്ന സാഹചര്യം കണ്ടാല്‍ ഇരുവരും ഒന്നായി വോട്ട് ചെയ്യും. ജില്ലയിലെ 10 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റിയും ഇത്തവണ പാര്‍ട്ടി ഭരണം പിടിക്കാനുള്ള സാഹചര്യമാണ് നിലവുള്ളത്. പ്രത്യേകിച്ചും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കും. 2ല്‍ നിന്ന് 16 കൗണ്‍സിലര്‍മാര്‍ വരെ വിജയിച്ച് വരാനുള്ള സാഹചര്യം ഇവിടെ ഉണ്ട്. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വിജയം ഉറപ്പിച്ച് കഴിഞ്ഞതാണ്. കഴിഞ്ഞതവണ 8 പേര് ജയിക്കുകയും ആറ് പേര് രണ്ടാം സ്ഥാനത്ത് വരികയും ചെയ്തിരുന്നു. വലിയ വിജയ പ്രതീക്ഷയുമായാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. വോട്ട് ചേര്‍ക്കുന്നതില്‍ പോലും ഇതര രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വലിയ മുന്നേറ്റം പാര്‍ട്ടിക്ക് ഉണ്ടാക്കാനായി.
ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും ക്രിസ്ത്യന്‍ സമുദായം ബിജെപിക്ക് അനുകൂലമായി ചിന്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സാഹചര്യം വ്യാപകമായി നിലവിലുണ്ട്. ഇത് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: