തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരു കേന്ദ്രസര്‍ക്കാര്‍ നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആരോഗ്യ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്ഷവര്ധന് കത്തയച്ചു. പുതിയ ഗവേഷണ സ്ഥാപനത്തിന് വിഖ്യാതനായ ഏതെങ്കിലും ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണകള്ളക്കടത്ത്
ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലായ ഇടതു-വലതു മുന്നണികള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് രാഷ്ട്രീയ വിഷയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കത്ത് അയക്കല്‍.
ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ് ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന് എന്നാണ് ഇത് അറിയപ്പെടുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്ക്കാ വ്യക്തമാക്കിയിരുന്നു. ആര് എസ് എസ് രണ്ടാം സര്‍സഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്നു. ക്യാന്‍സര്‍ വന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ പേരില്‍ രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഗവേഷണ കേന്ദ്രമാണിത്. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആതിഥേയ സ്ഥാപനമായ ആര്‍ജിസിബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഇടത്തരം, വന്‍കിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും രണ്ടാമത്തെ കാമ്പസ്. കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനാവശ്യമായ അത്യാധുനിക സൗകര്യങ്ങളുള്ളതാകുമിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. ഇതു കൂടാതെ നിക്ഷേപകര്‍, സംരംഭകര്‍, ബയോടെക്, ബയോ ഫാര്‍മ കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ടെസ്റ്റ് ആന്‍ഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം ലഭ്യമാക്കും. ഇതു കൂടാതെ ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാവും ഇവിടെയുണ്ടാകും. ബയോടെക്നോളജി രംഗത്ത് വന്‍ വികസനമാകും ഈ കേന്ദ്രത്തിലൂടെയുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പരിശോധനകള്‍ ആര്‍ജിസിബി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: