ഹൈജരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥികളില്‍ പലരും നേരിട്ടത് വലിയ പരാജയം. ചിലയിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ നോട്ടയ്‌ക്ക് പിറകിലായി. 150 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 129-ാം വാര്‍ഡില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി റായദുര്‍ഗം ലക്ഷ്മീദേവിക്ക് 141 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ടയ്‌ക്ക് കിട്ടിയതാകട്ടെ 259. ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടുകളുള്ള വാര്‍ഡില്‍ പതിനോരായിരത്തിൽ അധികം വോട്ടുകള്‍ നേടിയ തെലങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്)യുടെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.
138-ാം വാര്‍ഡിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ചെല്ല ലീലാവതിക്ക് 125 വോട്ടുകളേ കിട്ടിയുള്ളൂ. നോട്ടയ്‌ക്ക് 107 വോട്ടുകള്‍ അധികം കിട്ടി. ആറായിരത്തിലധികം വോട്ടുകൾ നേടി ടിആര്‍എസിന്റെ മുംതാസ് ഫാത്തിമ ഇവിടെ ജയിച്ചുകയറി. ഏഴാം വാര്‍ഡിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. 144 വോട്ടുകള്‍ നേടിയ സിപിഎമ്മിന്റെ കൊണ്ടൊജു ഭാഗ്യലക്ഷ്മി ഇവിടെയും നോട്ടയ്‌ക്ക് പിന്നിലായി. 260 ആയിരുന്നു നോട്ടയുടെ വോട്ട്. വിജയിച്ച ടിആര്‍എസ് സ്ഥാനാര്‍ഥിക്ക് പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചു.
62-ല്‍ മത്സരിച്ച അത്താപൂര്‍ രാജേഷ് കുമാര്‍ വെറും രണ്ടക്കത്തിലൊതുങ്ങി, 37 വോട്ടുകള്‍. ഇവിടെയും 18 വോട്ടുകള്‍ നോട്ടയ്‌ക്ക് കൂടുതല്‍ കിട്ടി. എണ്ണായിരത്തിലധികം വോട്ട് നേടിയ ബിജെപിയുടെ ദര്‍ശന്‍ ബോഹിനി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. എഐഎംഐഎം 44, കോണ്‍ഗ്രസ് രണ്ട്, ടിആര്‍എസ് 55. ഏഴു സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിആര്‍എസുമായി ബിജെപിക്കുള്ളത്. കഴിഞ്ഞ പ്രാവശ്യം സാന്നിധ്യം പോലുമില്ലാതിരുന്ന മേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ടിആര്‍എസിനെ ഞെട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: